സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ആസാദി കി അമൃത് മഹോത്സവ്’ എന്ന പരിപാടിയുടെ പ്രചരണ പോസ്റ്ററില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കി. മറുഭാഗത്ത് ബ്രിട്ടീഷുകാരെ സേവിച്ചുകൊള്ളാം എന്ന് വാഗ്ദാനം ചെയ്ത് മാപ്പെഴുതിക്കൊടുത്ത് ജയിലില്‍ നിന്നും പുറത്തുവന്ന് പ്രതിമാസം അവര്‍ നല്‍കിയ 60 രൂപയും സ്വീകരിച്ച സവര്‍ക്കറുടെ ചിത്രം ചേര്‍ത്തിരിക്കുന്നു. കവി കെ.സി. കേശവപ്പിള്ള എഴുതിയത് പോലെ ‘മാളിക മുകളിലിരുന്നാലും കാക്ക ഗരുഢനാവുകയില്ല’.
ചരിത്രം ഒറ്റുകാരെന്ന് തെളിയിച്ചവരുടെ പിന്‍ തലമുറക്കാര്‍ ആണ് ഇന്ത്യയുടെ ഇന്നത്തെ ഭരണാധികാരികള്‍. അതുകൊണ്ട് തന്നെ സ്വാതന്ത്രസമര ഓര്‍മ്മകളേയും അതിന്റെ നേതാക്കളേയും അതിലെ രക്തസാക്ഷികളേയും അവര്‍ക്ക് ഭയമാണ്. ‘സമ്മതിയുടെ നിര്‍മിതി’ കൊണ്ട് അധികാരത്തിലെത്തിയവര്‍ ആ അധികാരം ഉപയോഗിച്ച് സ്വാതന്ത്ര്യ സമര രക്തസാക്ഷികളേയും അവരുടെ പോരാട്ട സ്മരണകളേയും മയ്ച്ചുകളയാനാണ് ശ്രമിക്കുന്നത്.
ഗാന്ധിജിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍.എസ്.എസ്സിനെ നിരോധിച്ച സര്‍ദ്ദാര്‍ പട്ടേലിനെ പോലെയുള്ളവരെ ‘പൊളിറ്റിക്കല്‍ അക്വീറിങ്ങി’ലൂടെ തങ്ങളുടെ ഭാഗത്താക്കാന്‍ ഒരുഭാഗത്ത് ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരുടെ ഓര്‍മകളെ തമസ്‌കരിക്കുകയും ചെയ്യുന്നു.
സബര്‍മതി ആശ്രമത്തെ സ്വകാര്യവത്കരിച്ചും നവീകരിക്കാനെന്ന വ്യാജേനെ ജാലിയന്‍ വാലാബാഗ് സ്മൃതിമണ്ഡപത്തെ അപകീര്‍ത്തിപ്പെടുതിയും മലബാര്‍ സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയും അവര്‍ തങ്ങളുടെ സാമ്രാജ്യത്വ ദാസ്യം വെളിപ്പെടുത്തുന്നു.
ഹിന്ദു സേനയുടെ പേരില്‍ വിക്ടോറിയ രാജ്ഞിയുടെ 118-ആം ചരമദിനം ആഘോഷപൂര്‍വം കൊണ്ടാടിയും ഉത്തര്‍പ്രദേശില്‍ ഗോഡ്‌സേക്ക് ക്ഷേത്രം പണിയാന്‍ ഭൂമിപൂജ നടത്തിയും പൂനെയില്‍ മോഡിക്ക് ക്ഷേത്രം നിര്‍മ്മിച്ചും മീററ്റില്‍ പൂജ ശകുന്‍ പാണ്ഡെയുടെ നേതൃത്വത്തില്‍ ഹിന്ദു കോടതി സ്ഥാപിച്ചും ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും ഹിന്ദുരാഷ്ട്രം സ്ഥാപിതമായാല്‍ ഗാന്ധിജിയുടെ രക്തസാക്ഷിദിനം ഉത്സവമായി ആചരിക്കുമെന്ന ഹിന്ദു മഹാസഭയുടെ പ്രഖ്യാപനവും എല്ലാം മതരാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള ചുവടുവെയ്പ്പുകളാണ്.
മോഡി പ്രധാനമന്ത്രി ആയതിന് ശേഷം തുടങ്ങിയതല്ല വ്യാജ ചരിത്ര നിര്‍മ്മിതിക്കുള്ള ശ്രമങ്ങള്‍. 1963-ല്‍ പുരുഷോത്തം നാഗേഷ് ഓക്ക് ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റീറൈറ്റിംഗ് ഹിസ്റ്ററി’ എന്നൊരു സ്ഥാപനം തുടങ്ങിയിരുന്നു. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മതരാഷ്ട്ര നിര്‍മ്മിതിക്ക് ആവശ്യമായ വ്യാജചരിത്രം പഠിപ്പിച്ചുവരുന്നുണ്ട്.
സൈന്ധവ നാഗരികതയുടെ മുദ്രയിലെ കാളക്ക് പകരം കുതിരയെ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് അമേരിക്കയിലെ ചില വിദഗ്ദര്‍ കൈയ്യോടെ പിടികൂടി ആ തന്ത്രം പൊളിച്ചിരുന്നു. എന്നാല്‍ അവര്‍ ആ ശ്രമം ഉപേക്ഷിച്ചിട്ടില്ല. ഇപ്പോള്‍ ഇറക്കുന്ന പുസ്തകങ്ങളില്‍ സൈന്ധവ നാഗരികത എന്ന പദത്തിന് പകരം ‘സിന്ധു-സരസ്വതി നാഗരികത’ എന്നാണ് എഴുതിവരുന്നത്.
2014-ല്‍ മോഡി പ്രധാനമന്ത്രി ആയപ്പോള്‍, പൃഥ്വിരാജ് ചൗഹാന് ശേഷം ഡല്‍ഹി സിംഹാസനത്തില്‍ ഒരു ഹിന്ദു ഭരണാധികാരി എത്തിയിരിക്കുന്നു എന്നാണ് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചത്. മോദിയുടെ വരവോടെ ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായുള്ള അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിച്ചുതുടങ്ങി.
2016-ല്‍ ഇന്ത്യാചരിത്രം പഠിക്കാന്‍ മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ എ.എന്‍. ദീക്ഷിത് അധ്യക്ഷനായി ഒരു സമിതിയെ നിയമിച്ചു. 2017 ജനുവരിയില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് രാജ്യത്തിന്റെ ചരിത്രം എങ്ങനെ പുനര്‍നിര്‍ണ്ണയിക്കാം എന്ന് ചര്‍ച്ച ചെയ്തു. പുരാണങ്ങളും ഇതിഹാസങ്ങളും കെട്ടുകഥകള്‍ അല്ലെന്ന് സ്ഥാപിക്കല്‍ ആയിരുന്നു ഒരു ലക്ഷ്യം. ചരിത്രവും കെട്ടുകഥകളും തമ്മിലുള്ള വിടവ് നികത്താനും ഇന്ത്യ ഹിന്ദുരാഷ്ട്രം ആയിരുന്നു എന്ന് തെളിയിക്കാനുള്ള കൃതൃമ തെളിവുകള്‍ സൃഷ്ടിക്കലുമാണ് ലക്ഷ്യം.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉത്ഭവവും വളര്‍ച്ചയും പഠിക്കാന്‍ വിദഗ്ദ്ധസമിതി രൂപീകരിച്ചിട്ടുണ്ട്. ‘സന്മാര്‍ഗ്ഗ് വേള്‍ഡ് ബ്രാഹ്മിന്‍ ഫെഡറേഷന്‍’ ചെയര്‍മാന്‍ എം.ആര്‍. ശര്‍മ്മയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. 12,000 വര്‍ഷത്തെ ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും പഠിക്കാന്‍ ആണത്രേ പദ്ധതി! മനുസമൃതിയില്‍ ചില കാലഘടനകളെ കുറിച്ച് വിവരിച്ചിട്ടുണ്ട്. 4800, 3600, 2400, 1200 – ഇതായിരിക്കാം 12,000 വര്‍ഷമെന്ന് കണക്കാക്കാന്‍ കാരണം.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കാന്‍ ഇന്ത്യാ ചരിത്രത്തെ 3 ഘട്ടങ്ങളായി തിരിച്ചുകൊണ്ടുള്ള ഒരു ചരിത്രരചന നടത്തിയിരുന്നു. 1817-ല്‍ പുറത്തിറങ്ങിയ ജെയിംസ് മില്ലിന്റെ ചരിത്രപുസ്തകം സിവില്‍ സര്‍വ്വീസില്‍ ചേരുന്നവരെ പഠിപ്പിച്ചിരുന്ന ഹെയ്ലി ബറി കോളേജില്‍ പാഠപുസ്തകവുമായി. ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളില്‍ അവരുടെ വ്യാജചരിത്രം പഠിപ്പിക്കുന്നുണ്ട്. പുതിയ ദേശീയ വിദ്യഭ്യാസ നയത്തിലൂടെ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നെഹ്‌റുവിനെ ചരിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുക മാത്രമല്ല ചെയ്യുന്നത്. ഡല്‍ഹിയില്‍ നിര്‍മ്മിക്കുന്ന പുതിയ പാര്‍ലമെന്റ് മണ്ഡപം അടക്കമുളള സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണത്തിന്റെ പിന്നിലും ഇത്തരം ഗൂഢലക്ഷ്യങ്ങള്‍ തന്നെയാണുള്ളത്. പ്രമുഖ ആര്‍ക്കിടെക്ട് ജെ.ആര്‍. കര്‍ത്സ് പറഞ്ഞത് ഇങ്ങനെയാണ്:
‘ഒരുപോലെയുള്ള വിരസമായ ബ്ലോക്കുകള്‍ അടുക്കിവെച്ചത് പോലെയുള്ള കെട്ടിടങ്ങളുടെ നിര, വിചിത്രമായ സ്വേച്ഛാധിപത്യത്തെ ദ്യോതിപ്പിക്കുന്നതാണ്.’
‘ക്രൂരത ആദ്യം
ഹൃദയത്തില്‍ ആയിരിക്കും.
മുഖങ്ങള്‍ ഒന്നും
വെളിപ്പെടുത്തുകയില്ല.
പിന്നീടത് വേദങ്ങളുടെ
ഭാഷയായി മാറുന്നു.
പിന്നെ, ചരിത്ര ഭവിഷദ്
വിജ്ഞാനീയം.
പിന്നീടത് ജനങ്ങള്‍ക്ക്
ആദര്‍ശമായി മാറും.
തരിമ്പും എതിര്‍പ്പ് നേരിടാതെ
പിന്നീടത്
സംസ്‌കാരമായി മാറുന്നു.’
കുമാര്‍ അംബുജ എന്ന ഹിന്ദി കവിയുടെ വരികള്‍ ആണിത്. വര്‍ത്തമാന ഇന്ത്യയുടെ രേഖാചിത്രമാണ് ഈ കവിതയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഈ ആപത്തിലേക്ക് നാം നീങ്ങണോ? അവര്‍ മതരാഷ്ട്ര നിര്‍മ്മിതിക്കുള്ള വലക്കണ്ണികള്‍ മുറുക്കുകയാണ്. നമ്മളോ?
Content Highlight: PC Unnichekkan writes on Sanghaparivar’s deconstruction of history