|

കങ്കണയ്‌ക്കൊപ്പം ജോലി ചെയ്യാനില്ല; സിനിമയില്‍ നിന്ന് പിന്മാറുന്നുവെന്ന് പി.സി ശ്രീറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: നടി കങ്കണയുടെ സിനിമയില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രശസ്ത ഛായാഗ്രഹകന്‍ പി.സി ശ്രീറാം. മുംബൈയെ മിനി പാകിസ്ഥാന്‍ എന്ന് കങ്കണ വിളിച്ചധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുന്നതിനിടെയാണ് പി.സി ശ്രീറാമിന്റെ പിന്മാറ്റം.

ട്വിറ്ററിലൂടെയായിരുന്നു പി.സി ശ്രീറാമിന്റെ പ്രസ്താവന. ‘കങ്കണ റണാവത്ത് നായികയായെത്തുന്ന ഒരു സിനിമ നിരസിക്കേണ്ടി വന്നു. എനിക്ക് വളരെയധികം അസ്വസ്ഥത അനുഭവപ്പെടുകയും നിര്‍മാതാക്കളോട് എന്റെ നിലപാട് വിശദീകരിക്കുകയും അവര്‍ക്ക് അത് മനസ്സിലാവുകയും ചെയ്തു. ചില സമയങ്ങളില്‍ നമുക്ക് എന്താണ് ശരിയെന്ന് തോന്നുന്നത് അത് ചെയ്യണം. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു’ എന്നാണ് പി.സി ശ്രീറാം ട്വിറ്ററില്‍ കുറിച്ചത്.

പി.സി ശ്രീറാമിന്റെ പ്രസ്താവനയെ അനുകൂലിച്ചും എതിര്‍ത്തും നിരവധിയാളുകളാണ് രംഗത്ത് എത്തിയത്. അതേസമയം മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ചതിനു ശേഷം കങ്കണയും ശിവസേന സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.

തുടര്‍ന്ന് കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും രംഗത്ത് എത്തിയിരുന്നു.

ഇന്ത്യന്‍ ജനസംഖ്യക്ക് ആനുപാതികമായി പൊലീസുകാരില്ലാത്ത സാഹചര്യത്തില്‍ എന്തിനാണ് ബോളിവുഡില്‍ ട്വീറ്റ് ചെയ്തു നടക്കുന്ന ഒരാള്‍ക്ക് വൈപ്ലസ് കാറ്റഗറി സുരക്ഷ നല്‍കുന്നതെന്നാണ് മഹുവ ചോദിച്ചത്.

സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയിലെത്തുന്ന കങ്കണയ്ക്ക് കേന്ദ്രം സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് കങ്കണയ്ക്ക് ഏര്‍പ്പെടുത്തുന്നത്. ഒരു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്‍, കമാന്‍ഡോകള്‍, ഉള്‍പ്പെടെ 11 പൊലീസുകാര്‍ കങ്കണയുടെ സുരക്ഷയ്ക്കുണ്ടാകും.

കങ്കണയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. തലയ്ക്ക് സ്ഥിരതയില്ലാത്ത ‘മെന്റല്‍ കേസാണ്’ കങ്കണയെന്നാണ് സഞ്ജയ് പറഞ്ഞത്. എന്നാല്‍ ഞാന്‍ സെപ്റ്റംബര്‍ 9 ന് മുബൈയില്‍ എത്തുമെന്നും ആദ്യം കാണുന്നത് സജ്ജയ് റാവത്തിനെയായിരിക്കുമെന്നുമാണ് കങ്കണ മറുപടി നല്‍കിയത്.

കങ്കണ മുംബൈയില്‍ തിരിച്ചെത്തിയാല്‍ ശിവസേനയുടെ വനിതാ നേതാക്കള്‍ നടിയുടെ മുഖത്തടിക്കുമെന്നും ഇതിന്റെ പേരില്‍ ജയില്‍ പോവാനും തനിക്ക് മടിയില്ലെന്ന് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായികും പറഞ്ഞിരുന്നു. മുംബൈയില്‍ ജീവിക്കാന്‍ കങ്കണ റണൗത്തിന് യാതൊരു അവകാശവുമില്ലെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlihts: PC Sreeram says he rejected film with Kangana Ranaut

Latest Stories

Video Stories