തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് നിയമസഭ സമ്മേളനത്തില്‍ കറുപ്പുടുത്ത് പി.സി ജോര്‍ജ് എം.എല്‍.എ. ഭക്തര്‍ക്ക് പിന്തുണയുമായിട്ടാണ് കറുപ്പുടുത്തതെന്ന് പി.സി ജോര്‍ജ് പറഞ്ഞു.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്നത് ഹൈന്ദവ സമൂഹമാണ് അവര്‍ക്കുള്ള പ്രതിബന്ധതയാണ് ഇപ്പോഴുള്ള വേഷം എന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം. പാര്‍ട്ടിയുടെ ഇന്നത്തെ മീറ്റിംഗ് കഴിഞ്ഞ ശേഷം ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലിന് ഒപ്പം ഒരുമിച്ച് ഒരു ബ്ലോക്കായി ഇരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും പി.സി പറഞ്ഞു.
കേരളത്തില്‍ മുന്നണികള്‍ മാറി മാറി ഭരിക്കുകയാണെന്നും മറ്റാരും വരരുതെന്നാണ് ഇവരുടെ തീരുമാനമെന്നും പി.സി ജോര്‍ജ് പറയുന്നു. ബി.ജെ.പി മാത്രമെങ്ങിനെയാണ് വര്‍ഗീയ ഫാസിസ്റ്റ് ആവുന്നതെന്നും കോണ്‍ഗ്രസും സി.പി.ഐ.എമ്മും വര്‍ഗീയപാര്‍ട്ടികളാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ബി.ജെ.പി സഹകരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ തന്റെ പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്നും പൂഞ്ഞാര്‍ മാതൃകയില്‍ കേരളം മുഴവന്‍ മത്സരിക്കാനാണ് നോക്കുന്നതെന്നും ജോര്‍ജ് പ്രതികരിച്ചു. ശബരിമലയടക്കം എല്ലാ വിശ്വാസ സംരക്ഷണത്തിനും കൂടെയുണ്ടാകുമെന്നും പി.സി ജോര്‍ജ് പറയുന്നു.
ശബരിമല വിഷയത്തില്‍ പ്രതിപക്ഷം വൃത്തികെട്ട വേട്ട് ബാങ്ക് ഉണ്ടാക്കാനുള്ള കളികളാണ് നടത്തുന്നതെന്നും അല്ലെങ്കില്‍ “വൃത്തികെട്ട സ്ത്രീകള്‍” കയറിയപ്പോള്‍ എന്ത് കൊണ്ട് പ്രതിരോധിച്ചില്ലെന്നും. അവരുടെ നിലപാടില്‍ സത്യം കാണിക്കട്ടെ അപ്പോള്‍ തീരുമാനിക്കാം പിന്തുണയെന്നും ജോര്‍ജ് പ്രതികരിച്ചു.
അതേസമയം നിയമസഭയില്‍ ഒ.രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനമെന്ന് പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ പാര്‍ട്ടികളുമായി സഖ്യത്തിനായി ശ്രമിച്ചെന്നും പ്രതികരിച്ചത് ബി.ജെ.പി മാത്രമാണെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷം ഇടതുപക്ഷവുമായുള്ള പ്രാദേശികമായ ബന്ധം അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ബി.ജെ.പിയുമായി സഭയിലും സഹകരിക്കാന്‍ ധാരണയായത്. പി.എസ്. ശ്രീധരന്‍ പിള്ളയുമായി പി.സി. ജോര്‍ജ് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
DoolNews Video