പത്തനംതിട്ട: പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ ദയനീയ തോല്‍വിക്ക് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജ്.
ഒപ്പം നടന്ന ബി.ജെ.പിക്കാര്‍ സുരേന്ദ്രന്റെ കാലുവാരിയെന്നും അവര്‍ പോലും വോട്ടുമറിച്ചെന്നും പി.സി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയിലേയും തിരുവനന്തപുരത്തേയും തോല്‍വി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
അടുത്തിടെ എന്‍.ഡി.എയില്‍ ചേര്‍ന്ന പി.സി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറിലടക്കം ബി.ജെ.പി ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്.
എക്‌സിറ്റ് പോളുകളില്‍ ബി.ജെ.പി ജയിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. സുരേന്ദ്രന്റെ ജയില്‍വാസമോ ശബരിമല പ്രക്ഷോഭങ്ങളോ അവിടെ വോട്ടായില്ല. ആറന്മുള ഉള്‍പ്പടെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും ബി.ജെ.പി പിന്നിലായി.
എന്നാല്‍ ശബരിമല വിഷയം തിരിച്ചടി ആയില്ലെന്നും അതു കൊണ്ട് മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ഒരു ലക്ഷം വോട്ടിലേറെ കൂടിയതെന്നുമാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്.
പരാജയം അംഗീകരിക്കുന്നു. പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയില്ല. പി സി ജോര്‍ജ് ഫാക്ടര്‍ തിരിച്ചടി ആയോ എന്ന് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്.
രണ്ടു സീറ്റില്‍ ജയവും 20 % വോട്ടും 10 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡും പ്രതീക്ഷിച്ചായിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ശബരിമല അടക്കം അനുകൂല സാഹചര്യങ്ങള്‍ വോട്ടാക്കിമാറ്റി അക്കൗണ്ട് തുറക്കുമെന്നു കരുതിയെങ്കിലും ഒരു സീറ്റു പോലും നേടാനാവാത്തത്ര പരിതാപകരമായിരുന്നു ബി.ജെ.പിയുടെ അവസ്ഥ.