| Wednesday, 25th May 2022, 5:17 pm

ജോര്‍ജിനെ എറണാകുളം എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി; അപ്പീല്‍ പോകുമെന്ന് ഷോണ്‍ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത  പി.സി. ജോര്‍ജിനെ എറണാകുളം എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ജോര്‍ജിനെ പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് മാറ്റിയത്. തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് സംഘം എത്തുന്നത് വരെ എ.ആര്‍ ക്യാമ്പില്‍ തുടരും.

നിയമം അനുസരിച്ചാണ് സ്‌റ്റേഷനില്‍ ഹാജരായതെന്ന് പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. നിയമം പാലിക്കുമെന്ന് ജോര്‍ജും മാധ്യമങ്ങളോട് പറഞ്ഞു.

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് പി.സി. ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി.സി. ജോര്‍ജ് പൊലീസ് സ്റ്റേഷനിലെത്തിയത്.

അനിവാര്യമെങ്കില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥകള്‍ പി.സി. ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പി.സി. ജോര്‍ജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്.

അതേസമയം, പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും രംഗത്തെത്തി. ഹിന്ദുക്കളെയും ക്രസ്ത്യാനികളെയും യമപുരിയിലേക്ക് അയക്കുമെന്ന് പറഞ്ഞവരെ അറസ്റ്റ് ചെയ്യാതെ പി.സി. ജോര്‍ജിനെതിരെ മാത്രം ശക്തമായ നടപടിയെടുത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ ദുരുദ്ദേശമാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു.

‘ഇത് ഇരട്ടനീതിയാണ്. ഇതിന് മുമ്പ് അറസ്റ്റ് ചെയ്യേണ്ടവര്‍ ധാരാളമുണ്ട്. ഇത്തരം വിവേചനത്തിനെതിരെ എപ്പോഴും സംസാരിക്കുന്നവരാണ് ഞങ്ങള്‍. ഇവിടെ കുന്തിരിക്കം കരുതി വെച്ചോളൂ, അരിയും മലരും കരുതിവെച്ചോളൂ എന്ന് പറഞ്ഞവര്‍ക്കെതിരെയൊന്നും നടപടിയില്ല. സംഘാടകരെ മുഴുവന്‍ അറസ്റ്റ് ചെയ്തിട്ടില്ല. പി.സി. ജോര്‍ജ് നടത്തിയതിനെക്കാള്‍ കൂടുതല്‍ വര്‍ഗീയ വിദ്വേഷം പ്രചരപ്പിച്ചവരെല്ലാം നിയമത്തിന് മുന്നില്‍ വിലസുകയാണ്. ഇതിന് പിന്നില്‍ ദുഷ്ടലാക്കുണ്ട്,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.

CONTENT HIGHLIGHTS:  PC George was transferred to Ernakulam Moved to AR camp; George says appeal will go

Latest Stories

We use cookies to give you the best possible experience. Learn more