പഴശി ഡാം അപകടത്തിലെന്ന് പി.ജെ ജോസഫ്
Kerala
പഴശി ഡാം അപകടത്തിലെന്ന് പി.ജെ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th August 2012, 12:57 pm

തിരുവനന്തപുരം: പഴശി ഡാം അപകടത്തിലെന്ന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ്. പരിസരത്തുള്ള ആളുകള്‍ അടിയന്തരമായി മാറിത്താമസിക്കണമെന്നും മന്ത്രി പറഞ്ഞു. []

കേന്ദ്രസേനയെത്തിയാലുടന്‍ ഡാമിന്റെ ഷട്ടറുകള്‍ തര്‍ക്കും. ഉരുള്‍പൊട്ടല്‍ തുടര്‍ച്ചയായുണ്ടാവുന്നത് ഗുരുതര സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം പഴശി ഡാമുമായി ബന്ധപ്പെട്ട കാര്യത്തില്‍ അലംഭാവം കാണിച്ച ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് കെ. സുധാകരന്‍ എം.പി രംഗത്തെത്തി. ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വന്‍ വീഴ്ചയാണുണ്ടായിരിക്കുന്നത്. സമയത്ത് ഷട്ടറുകള്‍ തുറന്ന് വിടാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. എം.എല്‍.എമാരും ജനപ്രതിനിധികളും പുലര്‍ച്ചെ വരെ ഡാം പരിസരത്തുണ്ടായിരുന്നിട്ടും അവിടെ ചുരുക്കം ചില ഉദ്യോഗസ്ഥര്‍മാര്‍ മാത്രമാണെത്തിയത്.

ഉദ്യോഗസ്ഥരുടെ അലംഭാവം സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സുധാകരന്‍ ദല്‍ഹിയില്‍ പറഞ്ഞു.

പഴശി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ റിസര്‍വ്വോയറിലെ വെള്ളം തുറന്നു വിടാന്‍ ശ്രമിച്ചെങ്കിലും ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണ്. 16 ഷട്ടറുകളില്‍ ഏഴെണ്ണം തകര്‍ച്ചാ ഭീഷണിയിലാണ്. 26 മീറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയാണ് അണക്കെട്ടിനുള്ളത്.

അതിനിടെ, അടുത്ത 48 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസ പ്രദേശത്തുണ്ടായ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. ന്യൂനമര്‍ദ്ദം രണ്ടുദിവസം തുടരും. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കനത്ത് മഴയുണ്ടാകുമെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.