പാലക്കാട്: അട്ടപ്പാടിയില്‍ കൊല ചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട് പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ്ജ് സന്ദര്‍ശിച്ചു. പൊലീസിനേയും കൂട്ടി യുദ്ധസന്നാഹത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മധുവിന്റെ വീട് സന്ദര്‍ശിച്ചത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പൊതുജീവിതത്തില്‍ ഇന്നുവരെ കാണാത്ത അത്രയും പൊലീസ് പടയെയാണ് താന്‍ അട്ടപ്പാടിയില്‍ കണ്ടത്. ആധുനിക വെടിക്കോപ്പുകളും സ്റ്റെന്‍ഗണ്ണുകളും ഏന്തി ആയിരത്തോളം പൊലീസ് ഉദ്യാഗസ്ഥരും കരിമ്പൂച്ചകളും തണ്ടര്‍ബോള്‍ട്ട് എന്നിവരുമായാണ് മുഖ്യമന്ത്രി എത്തിയത്. എന്തിനാണ് ആ കുടുംബത്തെയും ആദിവാസികളെയും ഇങ്ങനെ ഭയപ്പെടുത്തിയതെന്നു പറയാനുള്ള ബാധ്യത മുഖ്യമന്ത്രിയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് ഭീഷണി ഭയന്നാണു പൊലീസ് സംരക്ഷണമെങ്കില്‍, മുഖ്യമന്ത്രി മടങ്ങിയ ശേഷം മന്ത്രി കെ.കെ. ഷൈലജയ്‌ക്കൊപ്പം 30 പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. പരസ്യത്തിനു വേണ്ടി കൊലപാതകം നടത്തുന്ന മാവോയിസ്റ്റുകളെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും താനുമൊക്കെ തുല്യമാണ്. മുഖ്യമന്ത്രിയുടെ ജീവനു മാത്രമാണോ വിലയുള്ളതെന്നും ആരോഗ്യമന്ത്രിക്ക് അതില്ലേയെന്നും ജോര്‍ജ് ചോദിച്ചു.
രാവിലെ 10:20 ഓടെയാണ് പിണറായി വിജയന്‍ മധുവിന്റെ വീട്ടിലെത്തിയത്. 15 മിനുറ്റോളം മുഖ്യമന്ത്രി മധുവിന്റെ വീട്ടില്‍ ചെലവഴിച്ചു. ഒരാഴ്ച മുന്‍പാണ് ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട ക്രിമിനലുകള്‍ അടിച്ചു കൊന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനനമേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു.