| Sunday, 29th May 2022, 8:50 am

ഹൈക്കോടതിയെ ധിക്കരിച്ച് പി.സി. ജോര്‍ജ്; ചോദ്യം ചെയ്യലിന് ഹാജരാകില്ല; ബി.ജെ.പി പ്രചരണത്തിനായി തൃക്കാക്കരയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച പി.സി. ജോര്‍ജ് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകില്ല. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് പി.സി. ജോര്‍ജിന് നോട്ടീസ് അയച്ചിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ഹാജാരാകനാണ് പി.സി. ജോര്‍ജിനോട് പൊലീസ് ആവശ്യപ്പെട്ടത്. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ ഹാജരാകണമെന്നായിരുന്നു പൊലീസ് നിര്‍ദേശം.

ഇതിനുപിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ മൂലം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും ജോര്‍ജ് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞ് മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ചത് ദുരുദേശപരമാണെന്നും ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും പി.സി. ജോര്‍ജിനെ പൊലീസ് അറിയിച്ചിരുന്നു.

ആദ്യം ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാര്‍ത്താകുറിപ്പ് ഇറക്കിയതെങ്കില്‍ അതിന് മാറ്റം വന്നിട്ടുണ്ട്. ഭരണഘടനാപരമായും ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും തന്റെ ജനപക്ഷം സംഘടനയുടെ പേരില്‍ പ്രചരണത്തിന് ഇറങ്ങാന്‍ പോകുകയാണെന്നും ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കൊപ്പം റോഡ്‌ഷോയില്‍ പി.സി. ജോര്‍ജ് പങ്കെടുക്കും. ജോര്‍ജിന് മണ്ഡലത്തില്‍ സ്വീകരണം നല്‍കാനും ബി.ജെ.പി പദ്ധതിയുണ്ട്.

സര്‍ക്കാരിന്റെ നാടകം പുറത്തായെന്നായിരുന്നു പൊലീസ് നടപടിയില്‍ പി.സി. ജോര്‍ജിന്റെ പ്രതികരണം. പി.സി. ജോര്‍ജ് ബി.ജെ.പിയുടെ പ്രചാരണത്തിനായി നാളെ തൃക്കാക്കരയിലെത്തുമെന്നായിരുന്നു നേരത്തെ
അറിയിച്ചിരുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തകന്റെ പരിമിതിയില്‍ നിന്ന് പറയാനുള്ളത് ഇവിടെ നിന്ന് പറയുമെന്നായിരുന്നു പി.സി. ജോര്‍ജ് പറഞ്ഞിരുന്നത്.

പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗക്കേസിലാണ് ജോര്‍ജിന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. വെണ്ണല കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.

CONTENT HIGHLIGHTS:  PC George To Thrikkakara for BJP campaign

We use cookies to give you the best possible experience. Learn more