|

വിദ്വേഷ പരാമര്‍ശം; പി.സി ജോർജ് കോടതിയിൽ കീഴടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ പി.സി ജോർജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്. ബി.ജെ.പി പ്രവർത്തകരോടൊപ്പമായിരുന്നു പി.സി ജോർജ് കീഴടങ്ങാനെത്തിയത്.

പി. സി. ജോർജിന്‍റെ അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയും എത്തിയതിന് പിന്നാലെയാണ് കീഴടങ്ങുന്നതിനായി പി.സി ജോർജ് കോടതിയിലെത്തിയത്. നിയമം പാലിക്കുമെന്നും താൻ കീഴടങ്ങനാണ് വന്നതെന്നും ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു.

പിന്നാലെ രണ്ട് തവണ പി.സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല. പൊലീസ് അറസ്റ്റ് നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍, പൊലീസ് നീക്കത്തിന് വഴങ്ങാതെ നാടകീയമായി ജോർജ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.

നേരത്തെ പി.സി. ജോര്‍ജിനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം നോട്ടീസ് കൈപറ്റാന്‍ തയ്യാറായിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ മകനും ബി.ജെ.പി നേതാവുമായ ഷോണ്‍ ജോര്‍ജ് തിങ്കളാഴ്ച പി.സി. ജോര്‍ജ് സ്‌റ്റേഷനില്‍ ഹാജരാകുമെന്ന് അറിയിക്കുകയായിരുന്നു.

ഇന്ന് വീട്ടില്‍ നിന്നും പ്രവര്‍ത്തകരുടെ പ്രകടനത്തിന്റെ അകമ്പടിയോടെ സ്‌റ്റേഷനില്‍ ഹാജരാകാനായിരുന്നു പദ്ധതി. എന്നാല്‍ പൊലീസ് ഈ പ്രകടനത്തിന് അനുമതി നല്‍കിയില്ല.

ക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി. സി. ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി. സി. ജോര്‍ജ് മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

Content Highlight: PC George surrendered in court