കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പരാമര്‍ശം നടത്തിയതിന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെതിരെ കേസെടുത്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്.
ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് പി.സി. ജോര്‍ജിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. ക്രൈം സ്റ്റോറി മലയാളം എന്ന എഫ്.ബി പേജിന് നല്‍കിയ അഭിമുഖത്തിലാണ് പി.സി ജോര്‍ജ് വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്.
അതേസമയം തനിക്കെതിരെ കള്ളക്കേസെടുത്ത് നിശബ്ദമാക്കാമെന്നത് വീണാ ജോര്‍ജിന്റെ വ്യാമോഹമാണെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു.
ആരോഗ്യവകുപ്പ് മന്ത്രി കേരളത്തിന് ബാധ്യതയാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഇപ്പോഴും എന്റെ നിലപാട്. അങ്ങനെ പറഞ്ഞാല്‍ മന്ത്രിക്ക് നാണക്കേടാവുമെങ്കില്‍ മന്ത്രി ഈ പണി നിര്‍ത്തി ജോലി ചെയ്യാന്‍ പഠിക്കണം.
നേരത്തെ ഒരു ടീച്ചര്‍ മന്ത്രിയായിരുന്നു. അവര്‍ ഈ നാടിന്റെ അഭിമാനമായിരുന്നു. അവര്‍ ഒരു കമ്യൂണിസ്റ്റുകാരിയായിരുന്നല്ലോ. അതുകൊണ്ട് ഞാന്‍ കമ്യൂണിസ്റ്റ് വിരോധം പറഞ്ഞതല്ല. വ്യക്തിപരമായി തന്നെ പറഞ്ഞതാണ്.
ഇപ്പോഴത്തെ ആരോഗ്യവകുപ്പ് പരാജയമാണ്. ഇത്രയും ഗതികെട്ട ഒരു മന്ത്രി ഈ രാജ്യത്തില്ല. ഒരുത്തന്‍ കേസ് കൊടുത്തിരിക്കുകയാണ്. ഞാന്‍ ഇനിയും പറയും. പോയി കേസ് കൊടുക്ക്. ഇത് ജനാധിപത്യ രാജ്യമാണ്. പിന്നെയാണ് ഈ പൊട്ടന്‍ എനിക്കെതിരെ കേസ് കൊടുത്തത്. നടപടി സ്വീകരിക്കുന്നത് ഞാന്‍ കാണിച്ചു തരാം, പി.സി ജോര്‍ജ് പറഞ്ഞു.
സൗന്ദര്യമുണ്ടെന്ന രീതിയിലുള്ള പരാമര്‍ശം സ്ത്രീത്വത്തിന് നേരെയുള്ള അധിക്ഷേപമാണെന്ന് കാണിച്ചാണല്ലോ പരാതി നല്‍കിയത് എന്ന ചോദ്യത്തിന് ‘അവര്‍ ഒരു ചാനല്‍ അവതാരകയായിരുന്നല്ലോ അതുകൊണ്ട് പുട്ടിയടിച്ച് ഇറങ്ങിയിരിക്കുകയാ എന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം.
മന്ത്രിയായിട്ടും അവര്‍ പുട്ടിയടിച്ചാണ് നടക്കുന്നത്. ഒരു മന്ത്രിക്ക് ചേര്‍ന്ന പണിയല്ല ഇത്. സൗന്ദര്യം ഉള്ളവരുടെ പിറകേ നടക്കുന്നവര്‍ കാണും. എനിക്കതിന് നേരമില്ല. അതുകൊണ്ട് ഞാന്‍ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. ഇത്രയും പരാജയമായ മറ്റൊരുവകുപ്പുമില്ല. കേരളത്തിലെ ഭരണം തകര്‍ന്നു. ഇത് ഉത്തരേന്ത്യയാണോ ഇത് കേരളമല്ലേ, പി.സി ജോര്‍ജ് ചോദിച്ചു.
മഠത്തിലെ കുറുബാനക്കിടെ വൈദികന്‍ നടത്തിയ വിവാദ പാരമര്‍ശങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ രംഗത്തെത്തിയതിനെ കുറിച്ചായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം.
അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, കന്യാസ്ത്രീകള്‍ ആണ് പോലും, ഉടുപ്പൂരിയേച്ച് പോണ്ടെ ഇവളുമാരൊക്കെ എന്നായിരുന്നു പി.സി. ജോര്‍ജ് പറഞ്ഞത്.
കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിനിടെ വൈദികന്റെ വിവാദ പരാമര്‍ശത്തെ കുറിച്ചും ഇതിനെതിരെ കന്യാസ്ത്രീകള്‍ രംഗത്ത് എത്തിയതിനെ കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിനോട് ചോദിച്ചിരുന്നു.
”ഞാന്‍ അതിങ്ങളെപറ്റി ആരാ, അതിറ്റങ്ങളുടെ ജോലി എന്താ എന്ന് പറഞ്ഞിട്ടുണ്ട്. വീണ്ടും എന്നെകൊണ്ട് പറയിക്കണോ ? പറയിക്കരുത്, ഞാന്‍ പറയും, അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, കന്യാസ്ത്രീകള്‍, ഉടുപ്പൂരിയേച്ച് പോണ്ടെ ഇവളുമാരൊക്കെ, വെടക്ക്, ഇതില്‍ കൂടുതല്‍ ഞാനൊന്നും പറയുന്നില്ല. ആരെയും അപമാനിക്കുന്നത് എനിക്ക് ഇഷ്ടമല്ല” എന്നായിരുന്നു പി.സി. ജോര്‍ജ് പറഞ്ഞത്.