| Thursday, 26th October 2017, 11:48 am

ദിലീപിന്റെ ജാമ്യഹരജി ഒരു ദിവസം കൂടി മാറ്റിവെച്ചിരുന്നെങ്കില്‍ ഞാന്‍ സുപ്രീംകോടതിയില്‍ പോയേനെ;ഇതിനായി നടത്തിയ ഒരുക്കങ്ങള്‍ ദിലീപിനോടുപോലും പറഞ്ഞിരുന്നില്ല: പി.സിജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യഹരജി ഒരു ദിവസം കൂടി മാറ്റിവെച്ചിരുന്നെങ്കില്‍ താന്‍ സുപ്രീം കോടതിയില്‍ പോകുമായിരുന്നെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍.എ.

ആരോടും പറയാത്ത കാര്യമാണ് ഇത്. ഞാന്‍ സുപ്രീം കോടതിയിലെ വക്കീലിനെ വീട്ടില്‍ വരുത്തി സംസാരിച്ചു എല്ലാം ക്രമീകരിച്ചിരുന്നു. ദിലീപിനോട് പോലും ഞാന്‍ പറഞ്ഞിട്ടില്ല.- മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പി.സി ജോര്‍ജ് പറയുന്നു.


Dont Miss ആനയെ മയക്കുന്ന അരിങ്ങോടരാണ് നരേന്ദ്രമോദി; രാഹുല്‍ ആരോമല്‍ ചേകവരും; അഡ്വ. എ ജയശങ്കര്‍


എന്റെ രണ്ടു മക്കളെ വച്ച് സത്യം ചെയ്യുന്നു, ദിലീപുമായി എനിക്ക് ഒരു ബന്ധവുമില്ല. 85 ദിവസത്തിനുശേഷമാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത്. അതില്‍ എനിക്ക് സങ്കടമുണ്ട്. ഇറങ്ങിയ അന്നു മുതല്‍ ദിലീപ് എന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു.

ഞാന്‍ സംസാരിച്ചില്ല. എന്റെ മകന്‍ വന്നിട്ട് പറഞ്ഞു “നിര്‍ബന്ധമായും ദിലീപ് പപ്പായെ കാണണമെന്നും സംസാരിക്കണമെന്നും പറയുന്നു”. ഞാന്‍ പറഞ്ഞു എനിക്ക് കാണുകയും വേണ്ട മിണ്ടുകയും വേണ്ട. ജാമ്യം കിട്ടണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അത് കിട്ടി.

ജാമ്യം ലഭിച്ച അന്നു രാത്രി രണ്ടുമണിയായപ്പോള്‍ നാദിര്‍ഷ ഫോണില്‍ വിളിച്ചു. എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ഒരാളാണ് നാദിര്‍ഷ. ദിലീപിന് ഉറങ്ങാന്‍ സാധിക്കുന്നില്ല. സാറിനോട് സംസാരിച്ചിട്ടേ ഉറങ്ങൂ എന്ന് നാദിര്‍ഷ പറഞ്ഞു. എങ്കില്‍ കൊടുത്തോളൂ എന്ന് ഞാന്‍ പറഞ്ഞു ദിലീപിനോട് സംസാരിച്ചു.

ഭയങ്കര സന്തോഷമുണ്ടെന്ന് ദിലീപ് ദുഃഖത്തോടു കൂടി പറഞ്ഞു. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. ഞാന്‍ പറഞ്ഞു സന്തോഷവും വേണ്ട ദുഃഖവും വേണ്ട ഇതെല്ലാം ദൈവഹിതമാണെന്ന് മനസിലാക്കുക.

വിധിയെ തടുക്കാന്‍ കഴിയില്ല. നമ്മള്‍ ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും നമ്മുടെ ജന്മത്തില്‍ ചിലതൊക്കെ എഴുതിവച്ചിട്ടുണ്ട് അതാണ് നടക്കുന്നത്. ഒരു ദുഃഖവും വേണ്ട സന്തോഷത്തോടെ ഇരട്ടി ശക്തിയോടെ കലാരംഗത്തേക്ക് വരിക തീര്‍ച്ചയായും കലാരംഗത്ത് 100 ശതമാനവും ശരി ചെയ്ത്‌പോകും എന്ന് ദിലീപ് പറഞ്ഞു.- പി. സി ജോര്‍ജ്ജ് പറയുന്നു.

ഈ സിനിമാ നടിയെ ദല്‍ഹിയില്‍ കൊല ചെയ്യപ്പെട്ട നിര്‍ഭയേക്കാള്‍ ഭീകരമായി പീഡിപ്പിച്ചു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്ത് മര്യാദകേടാണ് പറയുന്നത്.

പീഡിപ്പിക്കപ്പെട്ടു എന്നു പറയുന്ന നടി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അഭിനയിക്കാന്‍ തുടങ്ങി. ഇതൊക്കെ അവര്‍ ലാഭം ആക്കുകയാണ്. പൊലീസ് കൊടുത്ത ഈ കേസ് ട്രയല്‍ കോടതിയിലേക്ക് വരുമ്പോള്‍ നിര്‍ഭയേക്കാള്‍ ക്രൂരമായി എങ്ങനെയാണ് പീഡിപ്പിച്ചെതെന്നതിന് ഉത്തരം പറയേണ്ടി വരുമെന്നും പി.സി ജോര്‍ജ് പറയുന്നു.

ദിലീപിന്റെ ആദ്യത്തെ ഭാര്യ മഞജുവാര്യര്‍ക്കെതിരെയും പി.സി രൂക്ഷവിമര്‍ശനം നടത്തി. അവര്‍ നല്ലൊരു നടിയാണ്. പക്ഷേ അവരുടെ മനസ് കഠിനമാണ്. അവര്‍ ചെന്നുപെട്ടിരിക്കുന്നത് അപകടകരമായ ചതിക്കുഴിയിലാണ്.

ഇപ്പോള്‍ മഞ്ജു വൈരാഗ്യം തീര്‍ക്കുകയാണ്. ഇപ്പോള്‍ ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നത് എഡിജിപി സന്ധ്യയാണ്. അവരും മഞ്ജുവുമായിട്ടുള്ള അഭേദ്യമായ അവിഹിതബന്ധവും ഇതില്‍ ഉണ്ടെന്നാണ് മനസിലാക്കുന്നതെന്നും പി.സി ജോര്‍ജ്പറയുന്നു.

We use cookies to give you the best possible experience. Learn more