| Saturday, 23rd January 2021, 7:17 pm

ജനപക്ഷം യു.ഡി.എഫിലേക്ക് എത്തുന്നു? ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയെന്ന് പി. സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ജനപക്ഷം യു.ഡി.എഫിലേക്കെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നെന്ന് അറിയിച്ച് പി.സി ജോര്‍ജ്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മുന്നണി പ്രവേശമടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നുമാണ് പി. സി ജോര്‍ജ് അറിയിച്ചിരിക്കുന്നത്.

ജനപക്ഷത്തിന് 15 നിയോജക മണ്ഡലങ്ങളില്‍ സ്വാധീനമുണ്ടെന്നും പി. സി ജോര്‍ജ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി പി. സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. കെ. കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്നായിരുന്നു പി. സി ജോര്‍ജ് പറഞ്ഞത്.

പൂഞ്ഞാറിലോ പാലായിലോ തന്നെ മത്സരിക്കുമെന്നും പി. സി ജോര്‍ജ് പറഞ്ഞിരുന്നു.

യു.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് ജോര്‍ജ് നിരവധി തവണ പറഞ്ഞിരുന്നു. എങ്കിലും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ വ്യക്തമായ ഒരു പ്രതികരണം ലഭിച്ചിട്ടില്ല.

അടുത്തിടെ നടന്ന കോണ്‍ഗ്രസ് യോഗങ്ങളിലൊന്നും പി. സി ജോര്‍ജിന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി അറിയിച്ചത്.

ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് തങ്ങള്‍ ഒപ്പം കൂടുന്നതില്‍ പ്രശ്‌നമില്ലെന്ന് ജോര്‍ജ് പറയുമ്പോഴും യു.ഡി.എഫിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇപ്പോഴും മുന്നണി പ്രവേശത്തിന് അനുകൂലമായി തലകുലുക്കിയിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PC George says that he is talked with Oommen Chandy amid election

We use cookies to give you the best possible experience. Learn more