| Saturday, 30th April 2022, 11:19 am

സര്‍ക്കാരിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നേര്‍ച്ചയിടരുത്; സര്‍ക്കാരില്‍ നിന്നും ക്ഷേത്രങ്ങള്‍ സ്വന്തമാക്കാന്‍ ഹിന്ദുക്കള്‍ യുദ്ധം ചെയ്യണം: പി.സി. ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ അനന്തപുരിയില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ വെച്ചായിരുന്നു പി.സി. ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍.

ക്രിസ്ത്യന്‍- മുസ്‌ലിം പള്ളികള്‍ അവരുടെ സമുദായങ്ങളുടെ കീഴിലാണെന്നും എന്നാല്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാരുകളുടെ കീഴിലാണെന്നും അത് കയ്യടക്കുന്നതിന് ഹിന്ദുക്കള്‍ യുദ്ധം ചെയ്യണമെന്നുമാണ് പി.സി. ജോര്‍ജ് പറഞ്ഞത്.

”നേരത്തെ നിയമസഭയില്‍ വളരെ ശക്തമായി ഞാനൊരു കാര്യം പറഞ്ഞു. പള്ളി ഭരിക്കുന്നത് ക്രിസ്ത്യാനിയാണ്. മുസ്‌ലിം പള്ളികള്‍ ഭരിക്കുന്നത് മുസ്‌ലിങ്ങളാണ്, അവരുടതോണ് പള്ളി.

ക്ഷേത്രത്തില്‍ ആരാധനക്കെത്തുന്നത് മുഴുവന്‍ ഹൈന്ദവ സഹോദരങ്ങളാണ്. അത് ഭരിക്കുന്നത് സര്‍ക്കാരാണ്. ഈ പരിപാടി നിര്‍ത്തണം. ഹൈന്ദവന്‍ ആരാധിക്കുന്ന ഹൈന്ദവ ക്ഷേത്രങ്ങള്‍ മുഴുവന്‍ ഹൈന്ദവന്റെ ഭരണത്തില്‍ കൊണ്ടുവരാനുള്ള ശക്തമായ ഇടപെടലുകള്‍ ഹിന്ദു സംഘടനകള്‍ ഏറ്റെടുക്കണം.

മുസ്‌ലിങ്ങള്‍ നേര്‍ച്ച പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ അവര്‍ക്ക് കാശ് മേടിക്കണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് യതീംഖാനയുടെ പേരില്‍, അനാഥ മന്ദിരത്തിന്റെതാണെന്ന് പറഞ്ഞ് ഒരു കെട്ടിടമുണ്ടാക്കി അവിടെ ചില്ലറ മേടിക്കും. അതവര് എണ്ണിയെടുക്കും.

ക്ഷേത്രത്തില്‍ വരുന്ന പണം മുഴുവന്‍ സര്‍ക്കാരിലേക്ക് പോകും. സര്‍ക്കാരിന് കടമെടുക്കാനുള്ള ഒരു സ്ഥാപനമാണ് ഹൈന്ദവ ക്ഷേത്രങ്ങള്‍.

മഹാരാജാവിന്റെതായിരുന്നു ക്ഷേത്രങ്ങള്‍ മുഴുവന്‍. പിന്നെ ജനാധിപത്യ സംവിധാനത്തിലേക്ക് മാറിയപ്പോള്‍ സര്‍ക്കാരിന്റെ കയ്യിലേക്ക് ക്ഷേത്രങ്ങള്‍ പോയി. ഇത് ന്യായമല്ല. നിങ്ങള്‍ ഇതിനെതിരെ ശക്തമായി ഇടപെടണം. ഞാന്‍ പിന്നില്‍ നില്‍ക്കാന്‍ തയ്യാറാണ്.

കേസ് കൊണ്ടൊന്നും കാര്യമില്ല. കോടതിയും കണക്കല്ലേ. ഇത് യുദ്ധമാകണം.

അല്ലെങ്കില്‍ ഒരു പൈസ പോലും ക്ഷേത്രത്തില്‍ നേര്‍ച്ചയിടരുത്. എറണാകുളത്തെ ക്ഷേത്രത്തില്‍ നിന്ന് നൂറ് മീറ്റര്‍ മാറി ഒരു നേര്‍ച്ചക്കുറ്റി ഉണ്ടാക്കി മഹാലക്ഷ്മിയുടെ പടം വെച്ചേക്കുക. ക്ഷേത്രത്തില്‍ വരുന്നവരോട് ഇവിടെ നേര്‍ച്ച ഇടാന്‍ പറയുക. അവിടെ പോയി പ്രാര്‍ത്ഥിക്കുക, ഇവിടെ കാശ് ഇടുക.

ആ കാശ് ഹിന്ദുക്കളുടെ നന്മക്ക് വേണ്ടി ഉപയോഗിക്കുക. അപ്പൊ സൂക്കേട് തീരുകേലേ. ഞാനിത് നിയമസഭയില്‍ പറഞ്ഞപ്പോള്‍ എല്ലാരും എന്നെ കൊല്ലാന്‍ വന്നു. രാജേട്ടന്‍ (ഒ. രാജഗോപാല്‍) പോലും എന്റെയൊപ്പം കൂടിയില്ല. ഒറ്റക്ക് യുദ്ധം ചെയ്യേണ്ടി വന്നു,” പി.സി. ജോര്‍ജ് പറഞ്ഞു.

ശബരിമല പ്രവേശിക്കാന്‍ ശ്രമിച്ച യുവതികളെ അപമാനിച്ചുകൊണ്ടും പി.സി. ജോര്‍ജ് പ്രസംഗത്തില്‍ സംസാരിച്ചു.

”ശബരിമല ശാസ്താവ് വളരെ പ്രധാനപ്പെട്ടതാണ്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ശാസ്താവാണ്. അയ്യപ്പന്‍ ഒരു റിയാലിറ്റി ആണ്, പന്തളം രാജകൊട്ടാരത്തില്‍ ജനിച്ച രാജകുമാരനാണ് അയ്യപ്പന്‍. എന്റെ നിയോജക മണ്ഡലമായിരുന്നു പൂങ്കാവനം മുഴുവന്‍.

അവിടെ പിണറായി സഖാവിന് ഒറ്റ ഉദ്ദേശമേ ഉള്ളൂ. എങ്ങനെ അടിയുണ്ടാക്കി രണ്ട് പേരെയും കൂട്ടത്തില്‍ കിട്ടണം. ഹിന്ദു കമ്മിറ്റിയില്‍ നിന്നും കുറേ എണ്ണത്തെ കൂട്ടത്തില്‍ കിട്ടിയിട്ടുണ്ട്.

ആ കൂട്ടത്തില്‍ കുറച്ച് നായന്മാരെ കൂടി വിഭജിക്കാന്‍ കഴിയുമോ എന്ന് അറിയാന്‍ വേണ്ടി രണ്ട് തുണിയില്ലാത്ത പെണ്ണുങ്ങളെ കൊണ്ട് പൊലീസ് അങ്ങോട്ട് പോയി. അയ്യപ്പന്‍ ഇത് കാണാന്‍ കുത്തിയിരിക്കുകയാണോ,” പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നുംപി.സി. ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Content Highlight: PC George says Hindus should capture temples from government through war

Latest Stories

We use cookies to give you the best possible experience. Learn more