കോട്ടയം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ പ്രതികരിച്ച് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. കായംകുളി കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ജീവിച്ചിരുന്നെങ്കില്‍ അവരെയും പിണറായി വിജയന്‍ വൈസ് ചാന്‍സലര്‍ ആക്കിയേനേയെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.
കലാമണ്ഡലത്തിന്റെ പുതിയ ചാന്‍സലര്‍ വി.എന്‍. വാസവന്‍ കഥകളി പഠിപ്പിക്കുമോ എന്നും പി.സി. ജോര്‍ജ് ചോദിച്ചു. പള്ളിക്കൂടത്തില്‍ പോകാത്തവരെ പിടിച്ച് വൈസ് ചാന്‍സലര്‍ ആക്കുന്ന നാറിയ പണിയാണ് നടക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു.
അതേസമയം, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. കഴിഞ്ഞ ദിവസമാണ് ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചത്. ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് കൈമാറാനാകില്ലെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഓര്‍ഡനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുന്നതാണ് മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി. ജനാധിപത്യപരമായി അതല്ലേ ശരി? ജനാധിപത്യ നടപടിക്രമം അനുസരിച്ച് ഗവര്‍ണര്‍ ഒപ്പിടണം. ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മന്ത്രി മാധ്യമങ്ങള്‍ ധൃതി കാട്ടേണ്ടതില്ലെന്നും പറഞ്ഞു.
ചാന്‍സലറെ മാറ്റുന്ന കാര്യത്തില്‍ ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും വ്യക്തമാക്കി.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലായിരുന്നു ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന ഓര്‍ഡിനന്‍സ് ഇറക്കിയത്. നിയമവകുപ്പ് തയ്യാറാക്കിയ കരട് ഓര്‍ഡിനന്‍സ് മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. പിന്നീട് നിയമ സെക്രട്ടറി പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയും വൈകിട്ടോടെ രാജ്ഭവന് കൈമാറുകയുമായിരുന്നു.
ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് കൈമാറില്ല. പകരം അദ്ദേഹം ദല്‍ഹിയിലേക്ക് തിരിച്ചു. നവംബര്‍ 20നാണ് ഗവര്‍ണര്‍ കേരളത്തിലേക്ക് തിരിച്ചെത്തുക. വിഷയത്തില്‍ അദ്ദേഹം നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഭവനിലേക്ക് അയക്കുകയെന്നാണ് വിവരം. എന്നാല്‍ ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. സര്‍വകലാശാലകളുടെ അധികാരത്തിന്‍മേല്‍ ഗവര്‍ണര്‍ അനാവശ്യമായി കടന്നു കയറുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവും സര്‍ക്കാരിനുണ്ട്. ഇത് തടയിടാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതിന്റെ ആദ്യ പടിയായി കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്തെ കല്‍പ്പിത സര്‍വകലാശാലയാണ് കലാമണ്ഡലം. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്.
പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കും വരെ പ്രോ ചാന്‍സലര്‍ ചാന്‍സലറുടെ ചുമതല വഹിക്കും. സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവനാണ് നിലവില്‍ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ പ്രോ വൈസ് ചാന്‍സലര്‍.
ചട്ട പ്രകാരം സ്‌പോണ്‍സറാണ് ചാന്‍സലറെ നിയമിക്കേണ്ടത്. 75 വയസാണ് ചാന്‍സലറുടെ പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. കലാ സാംസ്‌കാരിക രംഗത്ത പ്രമുഖന്‍ ചാന്‍സിലറാകുമെന്നാണ് വിവരം.
2006 മുതല്‍ സംസ്ഥാന ഗവര്‍ണറാണ് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍. നിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്.
Content Highlight: PC George’s Reaction on Chancellor Ordinance