കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാതെ ഹൈക്കോടതി വിധി ലംഘിച്ച് തൃക്കാക്കരയിലെ ബി.ജെ.പി പ്രചരണത്തിനെത്തിയ പി.സി. ജോര്‍ജ് നടത്തിയ വാര്‍ത്ത സമ്മേളനം കൂടുതലും എഴുതി തയ്യാറാക്കിയത് നോക്കി വായിച്ച്.
തന്റെ പതിവ് പദപ്രയോഗങ്ങള്‍ ഉപയോഗിച്ചെങ്കിലും കരുതലോടെയായിരുന്നു ജോര്‍ജ് പ്രതികരിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ വന്നുപോകാതിരിക്കാന്‍ വേണ്ടിയാണ് എഴുതി തയ്യാറാക്കി പത്രസമ്മേളനം നടത്തിയതെന്നാണ് വിലയിരുത്തലുകള്‍. സാധാരണ അദ്ദേഹം എഴുതി തയ്യാറാക്കി പത്രസമ്മേളനം നടത്താറില്ല.
മുഖ്യമന്ത്രി പിണറായി വിജയനോട് പുച്ഛമാണെന്നും വി.ഡി. സതീശന്‍ കോണ്‍ഗ്രസിലെ ഏറ്റവും മോശം നേതാവാണെന്നും ജോര്‍ജ് പറഞ്ഞു.
പിണറായി വിജയന്‍ കഴിവില്ലാത്ത നേതാവാണ്. സ്റ്റാലിനിസ്റ്റ് മനോഭാവമാണ് പിണറായിക്ക്. അദ്ദേഹത്തിന്റെ കൗണ്ടൗണ്‍ തുടങ്ങിക്കഴിഞ്ഞുവെന്നും ജോര്‍ജ് പറഞ്ഞു.
പിണറായി വിജയന്‍ തൃക്കാക്കരയില്‍ പ്രസംഗിച്ചത് മുഴുവന്‍ തന്നെ അറസ്റ്റ് ചെയ്ത രീതിയെക്കുറിച്ചാണ്. ഒരു മുഖ്യമന്ത്രി ഇത്തരത്തില്‍ അധഃപതിക്കുന്നത് സങ്കടകരമാണ്.
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ പോലും ഇടില്ലായിരുന്നു. എടുത്തിരിക്കുന്നത് കള്ളക്കേസാണ്, ഭരണഘടനാ വിരുദ്ധമായി ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പെടുന്നയാളല്ല എം.എല്‍.എയായി നിയമനിര്‍മാണം നടത്തിയിരുന്നയാളാണ് അപ്പോഴെങ്ങനെയാണ് ഭരണഘടനാലംഘനമെന്നും പി.സി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച പി.സി. ജോര്‍ജ് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകില്ല. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് പി.സി. ജോര്‍ജിന് നോട്ടീസ് അയച്ചിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ഹാജരാകനാണ് പി.സി. ജോര്‍ജിനോട് പൊലീസ് ആവശ്യപ്പെട്ടത്. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ ഹാജരാകണമെന്നായിരുന്നു പൊലീസ് നിര്‍ദേശം.
ഇതിനുപിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും ജോര്‍ജ് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ചത് ദുരുദേശപരമാണെന്നും ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും പി.സി. ജോര്‍ജിനെ പൊലീസ് അറിയിച്ചിരുന്നു.
ആദ്യം ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാര്‍ത്താകുറിപ്പ് ഇറക്കിയതെങ്കില്‍ അതിന് മാറ്റം വന്നിട്ടുണ്ട്. ഭരണഘടനാപരമായും ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും തന്റെ ജനപക്ഷം സംഘടനയുടെ പേരില്‍ പ്രചരണത്തിന് ഇറങ്ങാന്‍ പോകുകയാണെന്നും ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.
CONTENT HIGHLIGHTS: PC George’s news conference was written and read, who came to the BJP campaign