കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാതെ ഹൈക്കോടതി വിധി ലംഘിച്ച് തൃക്കാക്കരയിലെ ബി.ജെ.പി പ്രചരണത്തിനെത്തിയ പി.സി. ജോര്‍ജ് നടത്തിയ വാര്‍ത്ത സമ്മേളനം കൂടുതലും എഴുതി തയ്യാറാക്കിയത് നോക്കി വായിച്ച്.
തന്റെ പതിവ് പദപ്രയോഗങ്ങള്‍ ഉപയോഗിച്ചെങ്കിലും കരുതലോടെയായിരുന്നു ജോര്‍ജ് പ്രതികരിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ വന്നുപോകാതിരിക്കാന്‍ വേണ്ടിയാണ് എഴുതി തയ്യാറാക്കി പത്രസമ്മേളനം നടത്തിയതെന്നാണ് വിലയിരുത്തലുകള്‍. സാധാരണ അദ്ദേഹം എഴുതി തയ്യാറാക്കി പത്രസമ്മേളനം നടത്താറില്ല.
മുഖ്യമന്ത്രി പിണറായി വിജയനോട് പുച്ഛമാണെന്നും വി.ഡി. സതീശന്‍ കോണ്‍ഗ്രസിലെ ഏറ്റവും മോശം നേതാവാണെന്നും ജോര്‍ജ് പറഞ്ഞു.
പിണറായി വിജയന്‍ കഴിവില്ലാത്ത നേതാവാണ്. സ്റ്റാലിനിസ്റ്റ് മനോഭാവമാണ് പിണറായിക്ക്. അദ്ദേഹത്തിന്റെ കൗണ്ടൗണ്‍ തുടങ്ങിക്കഴിഞ്ഞുവെന്നും ജോര്‍ജ് പറഞ്ഞു.
പിണറായി വിജയന്‍ തൃക്കാക്കരയില്‍ പ്രസംഗിച്ചത് മുഴുവന്‍ തന്നെ അറസ്റ്റ് ചെയ്ത രീതിയെക്കുറിച്ചാണ്. ഒരു മുഖ്യമന്ത്രി ഇത്തരത്തില്‍ അധഃപതിക്കുന്നത് സങ്കടകരമാണ്.
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ പോലും ഇടില്ലായിരുന്നു. എടുത്തിരിക്കുന്നത് കള്ളക്കേസാണ്, ഭരണഘടനാ വിരുദ്ധമായി ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പെടുന്നയാളല്ല എം.എല്‍.എയായി നിയമനിര്‍മാണം നടത്തിയിരുന്നയാളാണ് അപ്പോഴെങ്ങനെയാണ് ഭരണഘടനാലംഘനമെന്നും പി.സി കൂട്ടിച്ചേര്‍ത്തു.