| Tuesday, 4th September 2012, 12:12 pm

യു.ഡി.എഫില്‍ പിണറായിയുടെ ശമ്പളക്കാരുണ്ട്: ഹരിതവാദികളുടെ ബ്ലോഗിന് പി.സി ജോര്‍ജിന്റെ ഫേസ്ബുക്ക് മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് ഗ്രീന്‍തോട്ട്‌സ് കേരള എന്ന ബ്ലോഗിലെ ഹരിതവാദികളുടെ കുറിപ്പിന് മറുപടിയുമായി ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് പി.സി ജോര്‍ജ് എം.എല്‍.എമാര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

യു.ഡി.എഫ് ഭരണ നേതൃത്വത്തിലും രാഷ്ട്രീയനേതൃത്വത്തിലും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ശമ്പളം വാങ്ങുന്നവരുണ്ടെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പി.സി ജോര്‍ജ് ആരോപിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് പരിശോധിക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെടുന്നു. []

” ചില അനാവശ്യ വിവാദങ്ങള്‍ ഇളക്കിവിട്ട് സി.പി.ഐ.എം അക്രമത്തിന് പുകമറയിടാന്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ചോരയും നീരും കൊടുത്തുള്ള പ്രവര്‍ത്തനത്തിലൂടെ ജനപ്രതിനിധികളായവര്‍ പോലും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ അതിലേറെ അത്ഭുതത്തോടെയാണ് ഞാന്‍ വീക്ഷിക്കുന്നത്. അഴിമതിയിലൂടെ കോടാനുകോടി രൂപ സമ്പാദിച്ച് കൈവശം വെച്ചിരിക്കുന്ന പിണറായി സംഘത്തിന്റെ വാലാട്ടികളായി ചിലര്‍ മാറുന്നു എന്ന തോന്നല്‍ പൊതുസമൂഹത്തിന് ഉണ്ട്.  യു.ഡി.എഫിലെ ചില നേതാക്കന്മാരും പിണറായി വിജയനും അടുത്തകാലത്ത് ഒരേ ശൈലിയില്‍ ഒരേ ദിശാബോധത്തോടെ സംസാരിക്കുന്നു എന്നത് ചില സംശയങ്ങളെ ബലപ്പെടുത്തുന്നുണ്ട് എന്നതും ഒരു വസ്തുതയായി കാണാതിരിക്കാനാവില്ല.

കൊച്ചിയില്‍ കേരളത്തിന്റെ 70 ഏക്കര്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലൂസ്റ്റാര്‍ റിയല്‍ ടിയേഴ്‌സ് എന്ന ബ്രോക്കര്‍ കമ്പനിക്ക് തീറെഴുതികൊടുത്തപ്പോള്‍ പിണറായിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആ വില്‍പനയെ അനുകൂലിച്ച് ഹൈക്കോര്‍ട്ടില്‍ സത്യവാങ്മൂലം കൊടുത്ത ഇടതുപക്ഷ സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിക്കാന്‍ പൊതുരാഷ്ട്രീയക്കാരെ ആരെയും ഞാനോ കേരളത്തിലെ ജനങ്ങളോ അന്ന് കണ്ടില്ല. ഏറണാകുളം ജില്ലയില്‍ നൂറുകണക്കിന് ഏക്കര്‍ നെല്‍വയലുകള്‍ നികത്തുകയും ഇപ്പോഴും നികത്തിക്കൊണ്ടിരിക്കുന്നതും കണ്ടില്ലെന്ന് നടിക്കുന്ന ഈ പുത്തനച്ചിമാരുടെ പുരപ്പുറംതൂക്കല്‍ ജനം പുച്ഛത്തോടെ കാണും എന്നതില്‍ സംശയമില്ല” പി.സി ജോര്‍ജ് കുറിപ്പില്‍ പറയുന്നു.

നെല്ലിയാമ്പതി വിഷയത്തില്‍ യു.ഡി.എഫ് നിലപാടിനെ വിമര്‍ശിക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളും ഗ്രീന്‍ തോട്ട്‌സ് എന്ന ബ്ലോഗുമാണ് വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ തുടങ്ങിയ എം.എല്‍.എമാരുടെ സംഘം ഉപയോഗിച്ചത്. ഇതിന് പിന്നാലെയാണ് പി.സി ജോര്‍ജും വിമര്‍ശനത്തിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more