| Monday, 11th January 2021, 10:16 am

പാലായില്‍ യു.ഡി.എഫിന് വേണ്ടി മത്സരിക്കാന്‍ തയ്യാര്‍, നേതൃത്വം ക്ഷണിച്ചതായി പി.സി. ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലായില്‍ യു.ഡി.എഫിന് വേണ്ടി മത്സരിക്കാന്‍ തയാറെന്ന് ജനപക്ഷം നേതാവും എം.എല്‍.എയുമായ പി.സി ജോര്‍ജ്. മാണി സി. കാപ്പന്‍ ഐക്യജനാധിപത്യ മുന്നണിയില്‍ എത്തുന്നില്ലെങ്കില്‍ പാലായില്‍ മല്‍സരിക്കാമെന്നാണ് ജോര്‍ജ് പറഞ്ഞത്.

എന്നാല്‍ യു.ഡി.എഫിന്റെ ഭാഗമാകണമെങ്കില്‍ മാന്യമായ പരിഗണന ലഭിക്കണമെന്നും പൂഞ്ഞാര്‍ കൂടാതെ കാഞ്ഞിരപ്പള്ളിയോ പാലായോ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിലേക്ക് വരണമെന്ന് മുന്നണി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ പൂഞ്ഞാറിലെ പ്രതിഷേധം കണക്കിലെടുക്കുന്നില്ലെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത പി.സി ജോര്‍ജിന്റെ ജനപക്ഷം യു.ഡി.എഫുമായി അടുക്കാനുള്ള ശ്രമത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പി.സി ജോര്‍ജിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്തതായും സൂചനകളുണ്ടായിരുന്നു.

അതേസമയം പി.സി ജോര്‍ജ് യു.ഡി.എഫില്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ കോണ്‍ഗ്രസില്‍ എതിര്‍പ്പുകള്‍ ശക്തമായിരുന്നു. പി.സി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ ഈരാറ്റുപേട്ടയിലെ മുഴുവന്‍ ഭാരവാഹികളും രാജിവെക്കുമെന്നാണ് മുന്‍ നഗരസഭാ അധ്യക്ഷനും ബ്ലോക്ക് ഈരാറ്റുപേട്ട പ്രസിഡന്റുമായ നിസാര്‍ കുര്‍ബാനി പ്രതികരിച്ചത്.

കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഭാരവാഹിത്വം രാജിവെക്കുന്നതോടൊപ്പം ഇടുതപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും നിസാര്‍ കുര്‍ബാനി പറഞ്ഞിരുന്നു. പി.സി ജോര്‍ജിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളില്‍ എതിര്‍പ്പറിയിച്ചു കൊണ്ടാണ് നിസാര്‍ പ്രസ്താവന നടത്തിയത്.

പി.സി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. ഒരു ജനാധിപത്യ രാജ്യത്തെ ഒരു നേതാവും ഒരു സമുദായത്തെ പറ്റി സംസാരിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പി.സി ജോര്‍ജ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ ഈരാറ്റുപേട്ട ബ്ലോക്ക് കമ്മറ്റിയുടെ കീഴിലുള്ള ആറ് മണ്ഡലം കമ്മിറ്റികളും പി.സി ജോര്‍ജിനെ യു.ഡി.എഫില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more