കോട്ടയം: കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശങ്ങളുമായി ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി. ജോര്‍ജ്. മഠത്തിലെ കുറുബാനക്കിടെ വൈദികന്‍ നടത്തിയ വിവാദ പാരമര്‍ശങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ രംഗത്തെത്തിയതിനെ കുറിച്ചായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം.
അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, കന്യാസ്ത്രീകള്‍ ആണ് പോലും, ഉടുപ്പൂരിയേച്ച് പോണ്ടെ ഇവളുമാരൊക്കെ എന്നായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം.
കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിനിടെ വൈദികന്റെ വിവാദ പരാമര്‍ശത്തെ കുറിച്ചും ഇതിനെതിരെ കന്യാസ്ത്രീകള്‍ രംഗത്ത് എത്തിയതിനെ കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിനോട് ചോദിച്ചിരുന്നു.
ഇതിന് മറുപടിയായിട്ടായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍. ”ഞാന്‍ അതിങ്ങളെപറ്റി ആരാ, അതിറ്റങ്ങളുടെ ജോലി എന്താ എന്ന് പറഞ്ഞിട്ടുണ്ട്. വീണ്ടും എന്നെകൊണ്ട് പറയിക്കണോ ? പറയിക്കരുത്, ഞാന്‍ പറയും,
അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, കന്യാസ്ത്രീകള്‍, ഉടുപ്പൂരിയേച്ച് പോണ്ടെ ഇവളുമാരൊക്കെ, വെടക്ക്, ഇതില്‍ കൂടുതല്‍ ഞാനൊന്നും പറയുന്നില്ല. ആരെയും അപമാനിക്കുന്നത് എനിക്ക് ഇഷ്ടമല്ല” എന്നാണ് പി.സി. ജോര്‍ജ് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കുര്‍ബാനയ്ക്കിടെ വൈദികന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
കുറുവിലങ്ങാട്ട് മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെ വൈദികന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും ഇതിനെ എതിര്‍ത്തുവെന്നും മഠത്തിലെ അന്തേവാസിയായ സിസ്റ്റര്‍ അനുപമ പറഞ്ഞിരുന്നു. നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് പറയുകയും തുടര്‍ന്ന് പാല ബിഷപ് പറഞ്ഞത് ശരിയാണെന്ന് പറഞ്ഞ ശേഷം വര്‍ഗീയത വിതയ്ക്കുന്ന പരാമര്‍ശമാണ് വൈദികന്‍ നടത്തിയതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ലെന്നും സ്നേഹമെന്ന വാക്കിലൂടെയാണ് എല്ലാം പൂര്‍ത്തിയാക്കേണ്ടെന്നുമാണ് പ്രതിഷേധിച്ച കന്യാസ്ത്രീകള്‍ പറഞ്ഞത്.
ബിഷപ് പറഞ്ഞ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു.