കോട്ടയം: ജോസ് കെ.മാണി രണ്ട് മാസമായി ബി.ജെ.പിയുടെ പിറകെയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് എന്തെങ്കിലും സ്ഥാനം കിട്ടണമെന്നാണു ജോസ്.കെ. മാണിയുടെ ആഗ്രഹമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘ദല്‍ഹിയില്‍ പോയി ബി.ജെ.പി നേതാക്കളെ ജോസ് നേരത്തേ കണ്ടിരുന്നു. ആ അഹങ്കാരം വച്ചാണ് യു.ഡി.എഫില്‍ ഈ വഴക്കുണ്ടാക്കിയത്’, അദ്ദേഹം പറഞ്ഞു.
യു.ഡി.എഫില്‍ നിന്ന് ജോസ് കെ. മാണിയെ പുറത്താക്കിയ നടപടി നൂറു ശതമാനവും ശരിയാണ്. വൈകിയ വേളയിലെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിനു വിവരമുണ്ടായതില്‍ തനിക്കു സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. മാണിയുടെ മുഖ്യമന്ത്രി പദം വരെ തട്ടിത്തെറിപ്പിച്ചയാളാണ് ജോസ് കെ.മാണി. സ്വന്തം അപ്പനോടു പോലും നീതി പുലര്‍ത്താത്ത ആളെ യു.ഡി.എഫില്‍നിന്ന് പുറത്താക്കിയതു നന്നായെന്നും പി.സി പറഞ്ഞു.
ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്നും ഒഴിവാക്കിയതായി കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ആയിരുന്നു അറിയിച്ചത്. യുഡിഎഫിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ ജോസ്‌കെ മാണി വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതിയല്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു.
യു.ഡി.എഫ് തീരുമാനമെടുത്തെന്നും അതിന് മുമ്പ് യു.ഡി.എഫ് ചെയര്‍മാനും അംഗങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും കണ്‍വീനര്‍ അറിയിക്കുകയായിരുന്നു. ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും ജോസ് കെ മാണി വിഭാഗം സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് ജോസ് കെ. മാണി വിഭാഗം നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്നാണ് യു.ഡി.എഫ് പുറത്താക്കാനുള്ള തീരുമാനത്തിലെത്തിയത്.
കെ.എം മാണിയെ മുന്നില്‍ നിന്ന് കുത്താന്‍ സാധിക്കാത്തവര്‍ പിന്നില്‍ നിന്ന് കുത്തി എന്നായിരുന്നു ജോസ് വിഭാഗം പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ