| Sunday, 23rd March 2014, 3:59 pm

നെല്ലിയാമ്പതി: സത്യവാങ്മൂലത്തിന് പിന്നില്‍ ഗൂഢാലോചനയും കൊലച്ചതിയുമെന്ന് പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന സംസഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലത്തിനെതിരെ വിമര്‍ശനവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ബ്ലോഗ്.

കസ്തൂരിംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചവരാണ് മുഖ്യമന്ത്രിയും കേരള കോണ്‍ഗ്രസുമെന്നും എന്നാല്‍, നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം ഉമ്മന്‍ ചാണ്ടിയ്ക്കും കേരള കോണ്‍ഗ്രസിനും മലയോര കൃഷിക്കാര്‍ക്കും എതിരെയുള്ള ഗൂഢാലോചനയും കൊലച്ചതിയുമാണെന്ന് അദ്ദേഹം ബ്ലോഗില്‍ പറയുന്നു.

നെല്ലിയാമ്പതിയിലെയും കാസര്‍ഗോട്ടെയും വയനാട്ടിലെയും ഇടുക്കിയിലെയും കുടിയേറ്റ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി ഒന്നാണ്. അവരെ കൈവശഭൂമിയില്‍ നിന്ന് ഇറക്കിവിടാനായി കാര്‍ബണ്‍ ക്രഡിറ്റ് ഫണ്ടില്‍ നി്ന്നും പണം ഇരന്നുവാങ്ങിയവര്‍ പലരൂപത്തിലാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ മുതല്‍ ഏറ്റവും ഒടുവിലായി നെല്ലിയാമ്പതിയിലെ കൃഷിഭൂമി സംബന്ധിച്ച സത്യവാങ്മൂലം വരെ എത്തി നില്‍ക്കുന്ന ഈ ഗൂഢാലോചനയുടെ ലക്ഷ്യം ഒന്നു മാത്രമാണ്. കൃഷിക്കാരെ കൈവാശഭൂമിയില്‍ നിന്നും ഇറക്കിവിടുക- പി.സി ജോര്‍ജ് തന്റെ ബ്ലോഗില്‍ പറയുന്നു.

തിരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യം കാണിക്കാത്ത ചില ദേശീയ ഉന്നതരുണ്ടെന്ന ആക്ഷേപം ഇവിടെ ഉയരുന്നുണ്ടെന്നും അവരാണ് കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ടിന്റെ ബലത്തിന്റെ കര്‍ഷക വിരുദ്ധരുടെ അംബാസിഡര്‍മാരായി പ്രവര്‍ത്തിച്ചതെന്നും പി.സി ജോര്‍ജ് ബ്ലോഗിലൂടെ ആരോപിച്ചു.

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും ഉമ്മന്‍ചാണ്ടിയെ സ്ഥാനഭ്രഷ്ടനാക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുനന്നതിന്റെ തെളിവാണ് നെല്ലിയാമ്പതിയെ സംബന്ധിച്ച് സത്യവാങ്മൂലമെന്ന് സംശയം ഉയരുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാന്‍ കേരള കോണ്‍ഗ്രസിന് കഴിയില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

കാരപ്പാറ എസ്‌റ്റേറ്റ് കേസില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കാരപ്പാറ എസ്‌റ്റേറ്റിന് കൈവശാവകാശ രേഖ നല്‍കാനാകില്ലെന്നും 1980ലെ വനസംരക്ഷണ നിയമം നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ക്കും ബാധകമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. 1902ലും 1930 ലും തിരുവിതാംകൂര്‍ രാജവംശത്തിന്റെ കാലത്ത് പാട്ടത്തിനു നല്‍കിയ തോട്ടങ്ങളാണ് നെല്ലിയാമ്പതിയിലുള്ളത്. ആ തോട്ടങ്ങള്‍ വനഭൂമിയാണെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ വാദം.

സര്‍ക്കാറിന്റേത് നുണവാങ്മൂലമാണെന്നും നെല്ലിയാമ്പതിയിലേത് വനഭൂമിയല്ല റവന്യൂഭൂമിയാണെന്നും പി.സി ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more