തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് വളരാനുള്ള സാഹചര്യമുണ്ടെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. ഒരു അഭിമുഖത്തിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശമെന്ന് ദി റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബി.ജെ.പി അല്പം കൂടി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പി.സി ജോര്‍ജ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിലുണ്ടായ കോര്‍ഡിനേഷന്റെ കുറവാണ് പരാജയത്തിന് കാരണമെന്നും ജോര്‍ജ് പറഞ്ഞു.
‘ഇനിയെങ്കിലും കോണ്‍ഗ്രസ് നന്നായാല്‍ കൊള്ളാം. ഉമ്മന്‍ ചാണ്ടിയെ കൊണ്ട് ഇനി പറ്റുകയില്ല. ശക്തമായ നേതൃത്വമാണ് കോണ്‍ഗ്രസിന് ഇനി ആവശ്യം’, പി.സി ജോര്‍ജ് പറഞ്ഞു.
അതേസമയം പൂഞ്ഞാറില്‍ പരാജയപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് താന്‍ പിന്‍മാറില്ലെന്നും പൊതുപ്രവര്‍ത്തനം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ എട്ടാം വിജയം പ്രതീക്ഷിച്ചെത്തിയ പി. സി. ജോര്‍ജിന് പൂഞ്ഞാറില്‍ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. 11,404 വോട്ടിനാണ് പി.സി ജോര്‍ജ് തോറ്റത്.
എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കുലാണ് ഇവിടെ ജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടോമി കല്ലാണിയ്ക്ക് ഒരു ഘട്ടത്തിലും പോരാട്ടം കാഴ്ച വെക്കാനായില്ല.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, സൗകര്യമുള്ളവര്‍ മാത്രം തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്ന് പി.സി ജോര്‍ജ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തോല്‍വിയ്ക്ക് പിന്നാലെ ഈ പ്രസ്താവന വെച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നത്.
നേമം വട്ടിയൂര്‍കാവ്, തിരുവനന്തപുരം തുടങ്ങിയ മണ്ഡലങ്ങളില്‍ വലിയ പ്രതീക്ഷയായിരുന്നു ബി.ജെ.പിക്ക് ഉണ്ടായിരുന്നത്.
സിറ്റിംഗ് സീറ്റായിരുന്ന നേമം ഇത്തവണ എല്‍.ഡി.എഫ് പിടിച്ചെടുത്തു. വട്ടിയൂര്‍കാവിലും തിരുവനന്തപുരത്തും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനുമായില്ല.
അതേസമയം 99 സീറ്റുകള്‍ നേടിയാണ് എല്‍.ഡി.എഫ് ഇത്തവണ വിജയിച്ചത്. 41 സീറ്റുകള്‍ മാത്രമാണ് യു.ഡി.എഫിന് നേടാനായത്. ബി.ജെ.പിക്ക് മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടു ചോര്‍ച്ചയുണ്ടായെന്നും വിലയിരുത്തലുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക