തിരുവനന്തപുരം: എ.ഡി.ജി.പി സന്ധ്യയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പി.സി ജോര്‍ജിന്റെ കത്ത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെക്കൊണ്ട് തന്നെ അവര്‍ക്കെതിരായ കേസന്വേഷണം ഏല്‍പ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയേയും കത്തില്‍ പി.സി ജോര്‍ജ് വിമര്‍ശിക്കുന്നു.
കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് നടി ആക്രമിക്കപ്പെട്ട സംഭവങ്ങളും അതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണെന്നിരിക്കെ ഭരണപരമായ കാര്യങ്ങളില്‍ ജനശ്രദ്ധ മാറിയതില്‍ മുഖ്യമന്ത്രിയ്ക്ക് വലിയ സന്തോഷമായിരിക്കുമെന്ന് പി.സി ജോര്‍ജ് പറയുന്നു. എ.ഡി.ജി.പി സന്ധ്യയ്‌ക്കെതിരായ പരാതി നിയമസഭയില്‍ വെച്ച് കൈമാറിയപ്പോള്‍ അതിനിതുവരെ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ മറുപടി തന്നിട്ടില്ലെന്നും പി.സി ജോര്‍ജ് ഓര്‍മിപ്പിച്ചു.
“കോടികളുടെ അവിഹിതമായ കൈമാറ്റത്തിലും, കേരളത്തിലെ നാലുജില്ലകളില്‍ ക്രിമിനലുകളെ ഉപയോഗിച്ചുള്ള ഭൂമി പിടിച്ചെടുക്കലുകളിലും വേണ്ടപ്പെട്ടവര്‍ക്കുവേണ്ടി അവിഹിത സഹായങ്ങള്‍ ചെയ്യുവാനും നിയമം നടപ്പാക്കാനുള്ള പദവിയും അധികാരവും ദുര്‍വിനിയോഗം ചെയ്തുവെന്ന് എനിയ്ക്ക് ഉത്തമബോധ്യമുള്ള ഒരു മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ക്കും ജയില്‍ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമെതിരെയാണ് സംസ്ഥാനത്തെ പരമോന്നത നിയമനിര്‍മ്മാണ സഭയിലെ അംഗം എന്ന നിലയിലുള്ള ചുമതലാബോധത്തോടെ ഞാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായ അങ്ങേക്ക് പരാതി നല്‍കിയത്.”
Also Read: താന്‍ പരാജയപ്പെട്ടയാളാണെന്ന് രാഹുല്‍ ഗാന്ധി സമ്മതിച്ചു; വിമര്‍ശനവുമായി സ്മൃതി ഇറാനി
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കള്ളക്കേസുണ്ടാക്കി മകനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് ദിലീപിന്റെ അമ്മ നല്‍കിയ പരാതി ഡി.ജി.പി ബെഹ്‌റ അതേ ഉദ്യോഗസ്ഥര്‍ക്കു തന്നെ കൈമാറിയെന്നും പി.സി ജോര്‍ജ് കുറ്റപ്പെടുത്തുന്നു. പൊലീസിനെ അന്ധമായി വിശ്വസിച്ചാല്‍ കെ. കരുണാകരന്റെ അവസ്ഥയാകും ഉണ്ടാകുകയെന്നും പി.സി ജോര്‍ജ് ഓര്‍മ്മിപ്പിക്കുന്നു.
നടി തനിയ്‌ക്കെതിരെ നല്‍കിയ പരാതി വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും നടിയുടെ പേര് വെളിപ്പെടുത്തിയ കമലഹാസന് ക്ലിഫ് ഹൗസില്‍ സല്‍ക്കാരമൊരുക്കിയത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും പി.സി കൂട്ടിച്ചേര്‍ത്തു. ഗംഗേശാനന്ദയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവം സന്ധ്യയുടെ ഗൂഢാലോചനയാണെന്ന ആരോപണം ഗൗരവമാണെന്നും അദ്ദേഹം പറഞ്ഞു. സന്ധ്യയ്‌ക്കെതിരായ ആരോപണത്തില്‍ തെളിവ് തന്റെ പക്കലുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.