| Sunday, 28th March 2021, 8:52 am

പൂഞ്ഞാറില്‍ ഇടത്-എസ്.ഡി.പി.ഐ ധാരണ: പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പൂഞ്ഞാറില്‍ ഇടത്-എസ്.ഡി.പി.ഐ ധാരണയെന്ന ആരോപണവുമായി പി.സി ജോര്‍ജ്. താന്‍ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു.

വര്‍ഗീയ ശക്തികളുടെ വോട്ട് തനിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈരാറ്റുപ്പേട്ടയിലെ ‘കൂവല്‍’ വിവാദത്തിന് പിന്നാലെ പലയിടങ്ങളില്‍ നിന്നും പി.സി ജോര്‍ജിന് എതിരെ സമാനമായ രീതിയില്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു.

മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തോടെ അവസാനിപ്പിച്ചതാണ് വര്‍ഗീയ വാദികളുമായുള്ള ബന്ധമെന്ന് ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു.

2016 ല്‍ എസ്.ഡി.പി.ഐ പിന്തുണയോടെയാണ് പി.സി ജോര്‍ജ് പൂഞ്ഞാറില്‍ മത്സരിച്ച് ജയിക്കുന്നത്. ഇതിന് പിന്നാലെ അദ്ദേഹം ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുമായി അടുത്തിരുന്നു.

മുസ്‌ലീങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വിദ്വേഷ പ്രസംഗങ്ങളും പരാമര്‍ശങ്ങളും പി.സി നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പി.സി ജോര്‍ജ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ചിലര്‍ കൂക്കിവിളിച്ചിരുന്നു. പ്രചാരണം തടസപ്പെടുത്തിയതിന് പിന്നാലെ പി. സി ജോര്‍ജ് തെറിവിളിക്കുകയും ചെയ്തിരുന്നു.

ഈരാറ്റുപേട്ട മേഖലയില്‍ ഇനി പ്രചാരണം നടത്തില്ലെന്ന് പി. സി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടുത്തെ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

മാര്‍ച്ച് 22നാണ് പി.സി ജോര്‍ജ് പങ്കെടുത്ത പ്രചരണ പരിപാടിയില്‍ നാട്ടുകാര്‍ കൂകി വിളിച്ച് രംഗത്തെത്തിയത്.

തുടര്‍ന്ന് കൂകി വിളിച്ച നാട്ടുകാരെ പി.സി ജോര്‍ജ് തിരിച്ച് തെറിവിളിക്കുകയായിരുന്നു. തീക്കോയി പഞ്ചായത്തിലെ പര്യടനത്തിനിടെയായിരുന്നു സംഭവം.

തിങ്കളാഴ്ചയാണ് ജനപക്ഷത്തിന് തൊപ്പി ചിഹ്നം അനുവദിച്ചുകൊടുത്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PC George LEFT-SDPI Alliance Poonjar Kerala Election 2021

We use cookies to give you the best possible experience. Learn more