| Wednesday, 10th April 2019, 12:49 pm

പി.സി ജോര്‍ജ് എന്‍.ഡി.എയിലേക്ക്: ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് നാലു മണിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ജനപക്ഷം നേതാവ് പി.സി ജോര്‍ജ് എന്‍.ഡി.എയിലേക്ക്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകുന്നേരം നാലു മണിക്ക് പത്തനംതിട്ടയില്‍ നടക്കും. ബി.ജെ.പി നേതാക്കള്‍ക്കൊപ്പം പി.സി ജോര്‍ജ് പത്തനംതിട്ടയില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തും.

പൂഞ്ഞാര്‍ എം.എല്‍.എയായ ജോര്‍ജ് ബി.ജെ.പിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വവുമായി എന്‍.ഡി.എ പ്രവേശനം സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുന്നണി പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നില്ല.

എന്നാല്‍ പത്തനംതിട്ടയില്‍ പി.സി ജോര്‍ജ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായതുകൊണ്ടാണ് താന്‍ മത്സരംരംഗത്ത് നിന്നു പിന്മാറുന്നതെന്നും പി.സി ജോര്‍ജ് അറിയിച്ചിരുന്നു.

പി.സി ജോര്‍ജിന് ഏറെ സ്വാധീനമുള്ള കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മേഖലകള്‍ പത്തനംതിട്ട മണ്ഡലത്തിന് കീഴിലാണ് വരുന്നത്.

നേരത്തെ യു.ഡി.എഫിനൊപ്പം ചേരാന്‍ ആഗ്രഹിച്ച പി.സി ജോര്‍ജിന് കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു. യു.ഡി.എഫ് പ്രവേശന ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് എന്‍.ഡി.എക്കൊപ്പം ചേരാന്‍ ജോര്‍ജ് തീരുമാനിച്ചത്.

എന്നാല്‍ പി.സി ജോര്‍ജിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജനപക്ഷത്തിലെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. എന്‍.ഡി.എ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ഇവര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു.

പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോന്‍ പവ്വത്തിലിന്റെ നേതൃത്വത്തിലാണ് 60 ഓളം പ്രവര്‍ത്തകര്‍ രാജിവെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more