| Saturday, 6th March 2021, 11:34 am

പി.സി ജോര്‍ജ്ജിന്റെ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് ജനപക്ഷം വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു; നേതാക്കള്‍ സി.പി.ഐയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: പി.സി ജോര്‍ജ്ജിന്റെ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് ജനപക്ഷം വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാ പ്രസിഡന്റ് പി നൗഷാദും ജനറല്‍ സെക്രട്ടറി ബെന്നി മുണ്ടുങ്കലും അറിയിച്ചു.

ജനപക്ഷത്തിന് മലബാറില്‍ ആദ്യം നിലവില്‍ വന്ന ജില്ലാ കമ്മിറ്റിയാണ് വയനാട്ടിലേത്. പി.സി ജോര്‍ജ്ജിന്റെ സാന്നിധ്യത്തിലാണ് വയനാട് കമ്മിറ്റി നിലവില്‍ വന്നത്. വൈസ് പ്രസിഡന്റ് പി.ബി ജോസഫ്, സെക്രട്ടറി ടോണി ജോണി, ജില്ലാ നേതാക്കളായ ബിനീഷ് മന്നാക്കാട്, പി.സി ലിനോജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജനപക്ഷം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേരാനാണു തീരുമാനം.

‘പി.സി ജോര്‍ജ്ജ് നടത്തുന്നത് തീര്‍ത്തും വര്‍ഗീയപരാമര്‍ശവും ന്യൂനപക്ഷ സമുദയങ്ങളെ വേദനിപ്പിക്കുന്ന നിലപാടുകളുമാണ്. ഇത് ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ചേര്‍ന്ന നിലപാടുകള്‍ അല്ല’, നേതാക്കള്‍ പറഞ്ഞു.

കടുത്ത വര്‍ഗീയവാദിയായി മാറിയ പി.സി ജോര്‍ജ്ജിന്റെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് അപമാനകരമാണെന്ന് നേതാക്കള്‍ അറിയിച്ചു. രാഷ്ട്രീയ നെറികേടുകളുടെ ആള്‍ രൂപമായി ജോര്‍ജ്ജ് അധപതിച്ചെന്നും അവര്‍ ആരോപിച്ചു.

നേരത്തെ മുസ്‌ലീങ്ങളെ അധിക്ഷേപിച്ചുള്ള പി.സി ജോര്‍ജ്ജിന്റെ ഫോണ്‍ സംഭാഷണം വലിയ വിവാദമായിരുന്നു. യു.ഡി.എഫ് സീറ്റ് നിഷേധിച്ചപ്പോള്‍ ജിഹാദികളാണ് ആ മുന്നണിക്ക് നേതൃത്വം കൊടുക്കുന്നതെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PC George Janapaksham Wayanad CPI

We use cookies to give you the best possible experience. Learn more