തിരുവനന്തപുരം: ദത്ത് വിവാദവുമായി ബന്ധപ്പെട്ട കുഞ്ഞിന്റെ അമ്മ അനുപമയെ അധിക്ഷേപിച്ച് മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ്. തനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞ് അനുപമ ആളുകളെ പറ്റിക്കുകയാണെന്നും അനുപമ പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
അതേസമയം, കുഞ്ഞ് അനുമപയ്ക്ക് തന്നെ അവകാശപ്പെട്ടതാണെന്നും പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു.
‘തള്ളയ്ക്ക് അവകാശപ്പെട്ടതാണ് കുഞ്ഞ്. പക്ഷെ ആ തള്ള പറയുന്നതില്‍ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. കേട്ടാലറിയാം, ഇപ്പൊ കെട്ടിയവന്‍ ഭാര്യയെ ഉപേക്ഷിച്ചതാണ്. ഏതാണ്ടെല്ലാം സ്പെല്ലിംഗ് മിസ്റ്റേക്ക് ആണ്’ എന്നായിരുന്നു പി.സി. ജോര്‍ജിന്റെ പ്രതികരണം.
തിരിവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ അധിക്ഷേപിച്ച കെ. മുരളീധരനെ പിന്തുണച്ചും പി.സി. ജോര്‍ജ് രംഗത്തെത്തി.
‘എന്റെ അഭിപ്രായത്തില്‍ മേയര്‍ സുന്ദരിയാണ്. അതൊക്കെ ക്ഷമിക്കണം, ചുമ്മാ മുരളിക്ക് സന്തോഷം വന്നപ്പോ അങ്ങനെ പറഞ്ഞുകാണണം. ഇപ്പോഴത്തെ കാലത്ത് പെണ്ണുങ്ങളെപ്പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത്.
സ്ത്രീകളെപ്പറ്റി മിണ്ടിയാല്‍ കുഴപ്പമാണ്. എന്നാല്‍ പുരുഷന്‍മാര്‍ കുറേ പൊട്ടന്‍മാരുണ്ട്. അവരെ പറ്റി ആര്‍ക്കും എന്തും പറയാം. അത് പുരുഷന്‍മാരുടെ ഒരു അസോസിയേഷനുണ്ടാക്കി മുരളിയുമായി ആലോചിക്കേണ്ട പ്രശ്നമാണ്,’ എന്നായിരുന്നു പി.സി. ജോര്‍ജ് പറഞ്ഞത്.
അതേസമയം, മേയര്‍ ആര്യ രാജേന്ദ്രന് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെ.മുരളീധരന്‍ എം.പിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുള്ള പരാമര്‍ശം നടത്തിയതിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.
മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു കെ. മുരളീധരന്റെ അധിക്ഷേപം.