കോട്ടയം: കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സീറോ മലബാര്‍ പാല രൂപതയുടെ നടപടിയെ പിന്തുണച്ച് ജനപക്ഷം നേതാവും മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ്. ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോ എന്നും നിയന്ത്രിക്കുകയാണെങ്കില്‍ എല്ലാവരും നിയന്ത്രിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ക്രിസ്ത്യാനിയുടെ എണ്ണം കുറവാ. അച്ചന്‍മാരാകാനൊന്നും ഇപ്പോള്‍ ആളില്ല. സിസ്റ്റര്‍മാരാകാനും ആളെ കിട്ടാനില്ല. എല്ലാവരും നാമൊന്ന് നമുക്കൊന്ന് എന്ന് പറഞ്ഞ് നടക്കുകയാണ്, പിള്ളേര് കൂടുതല്‍ വേണമെന്നാ എന്റെ അഭിപ്രായം.
പള്ളിയും മഠവുമൊക്കെ പൂട്ടിപ്പോകാന്‍ പറ്റുമോ. ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ഈ ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോ.’ പി.സി. ജോര്‍ജ് പറഞ്ഞു.
അസം, യു.പി. പോലുള്ള സംസ്ഥാനങ്ങളില്‍ ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടി സ്വീകരിക്കുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവിടെയൊന്നും മതാടിസ്ഥാനത്തിലല്ല നിയന്ത്രണമുള്ളതെന്നും അദ്ദേഹം മറുപടി പറഞ്ഞു.
2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നാണ് രൂപതയുടെ പ്രഖ്യാപനം.
ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.