| Thursday, 15th October 2020, 11:39 pm

അമ്മാവാന്ന് വിളിയെടാ, അമ്മാവനെ കേറി ജോര്‍ജ് എന്ന് വിളിക്കുന്നോ?; ജോസ് ടോം പുലികുന്നേലിനോട് ചാനല്‍ ചര്‍ച്ചയില്‍ പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ചൂടേറിയ ചാനല്‍ ചര്‍ച്ചകളില്‍ ചിലപ്പോള്‍ ചില പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളും ഉണ്ടാവും. അത്തരത്തില്‍ ഒരു രംഗത്തിനായിരുന്നു വ്യാഴാഴ്ച്ച ഏഷ്യാനെറ്റിലെ ന്യൂസ് അവര്‍ സാക്ഷ്യം വഹിച്ചത്.

ജോസ് കെ മാണിയുടെ എല്‍.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ന്യൂസ് അവറിലെ ചര്‍ച്ച. ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജ്,
കെ.പി.സി.സി ഉപാധ്യക്ഷന്‍ ജോസഫ് വാഴയ്ക്കന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു, കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് ടോം പുലിക്കുന്നേല്‍ എന്നിവരായിരുന്നു ചര്‍ച്ചയ്ക്ക് ഉണ്ടായിരുന്നത്.

ചര്‍ച്ച ചൂട് പിടിയ്ക്കുന്നതിനിടെ പി.സി ജോര്‍ജിനെ പേര് എടുത്ത് വിളിച്ച ബന്ധുകൂടിയായ ജോസ് ടോം പുലിക്കുന്നേലിനോട് അമ്മാവാന്ന് വിളിയെടാ, അമ്മാവനെ കേറി ജോര്‍ജ് എന്ന് വിളിക്കുന്നോ എന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി.

ചര്‍ച്ചയ്ക്കിടെ ജോസ്.കെ മാണിക്കെതിരെ ആരോപണം ഉന്നയിച്ച ജോര്‍ജിനെതിരെ ജോസ് ടോമും എതിരാരോപണം ഉന്നയിച്ചിരുന്നു. ഇതോടെ നീ എന്റെ പെങ്ങളെ മോനല്ലെ നീ ഇതില്‍ കൂടുതല്‍ പറയും എന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

തുടര്‍ന്ന് ബന്ധമൊക്കെ നിങ്ങള്‍ക്ക് വീട്ടില്‍ ഇവിടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രതിനിധിയായി ജോസിനെ പി.സിയും പി.സിയെ തിരിച്ച് ജോസും ബഹുമാനിക്കുക എന്ന് അവതാരകനായ പി.ജി സുരേഷ്‌കുമാര്‍ ഇരുവരെയും ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് എം മുന്നണിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനിമുതല്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ആത്മാഭിമാനം അടിയറവ് വെച്ച് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടോടുകൂടി പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും,’ എന്നായിരുന്നു ജോസ് കെ. മാണി പറഞ്ഞത്.

അതേസമയം യു.ഡി.എഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചെന്ന്പി.സി ജോര്‍ജ് എം.എല്‍.എ വ്യക്തമാക്കിയിരുന്നു. ‘മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എന്നാല്‍ ഉടന്‍ തന്നെ നേരിട്ട് ചര്‍ച്ച നടത്തും’, പി.സി പറഞ്ഞു.

ഇപ്പോള്‍ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം തന്റെ മടങ്ങി വരവ് ആഗ്രഹിക്കുന്നെന്നും യു.ഡി.എഫിലേക്ക് പോകുമെങ്കില്‍ ജനപക്ഷമായി തന്നെയായിരിക്കും നില്‍ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: PC George in a channel discussion with Jose Tom Pulikunnel

We use cookies to give you the best possible experience. Learn more