| Friday, 28th February 2025, 11:27 am

വിദ്വേഷ പരാമര്‍ശക്കേസില്‍ പി.സി. ജോര്‍ജിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈരാറ്റുപേട്ട: വിദ്വേഷ പരാമര്‍ശക്കേസില്‍ ബി.ജെ.പി നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം ആനുവദിച്ചത്. പി.സി. ജോര്‍ജിന്റെ ആരോഗ്യവും കൂടി പരിഗണിച്ചാണ് ജാമ്യം.

ഫെബ്രുവരി 24ന് ഈരാറ്റുപേട്ട കോടതി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടിരുന്നു. തുടര്‍ന്ന് പി.സി. ജോര്‍ജ് ആരോഗ്യ സംബന്ധമായ ഏതാനും വെല്ലുവിളികള്‍ നേരിടുകയായിരുന്നു.

ഇതിന് പിന്നാലെയാണ് വിദ്വേഷ പരാമര്‍ശക്കേസില്‍ ജോര്‍ജിന് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിൽ ഇനി അന്വേഷണമില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

നിലവിൽ പി.സി. ജോർജ് ചികിത്സയിലാണ്. കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിലാണ് പി.സി. ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

വിദ്വേഷ പരാമര്‍ശക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന്, ഫെബ്രുവരി 24ന്  പി.സി. ജോര്‍ജ് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടർന്ന് ജാമ്യാപേക്ഷ തള്ളിയ കോടതി ജോർജിനെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

നേരത്തെ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെ രണ്ട് തവണ പി.സി. ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല.

പൊലീസ് അറസ്റ്റ് നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം തേടിയ ജോര്‍ജ്, പൊലീസ് നീക്കത്തിന് വഴങ്ങാതെ നാടകീയമായി കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.

Content Highlight: PC George granted bail in hate speech case

Latest Stories

We use cookies to give you the best possible experience. Learn more