പാലക്കാട്: വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കുന്ന കാര്യം വനംവകുപ്പ് പരിഗണിക്കണമെന്ന വിവാദ പ്രസ്താവനയുമായി പി.സി. ജോര്‍ജ്ജ് എം.എല്‍.എ. കേരള ജനപക്ഷം പാര്‍ട്ടിയുടെ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യവേയാണ് കര്‍ഷകര്‍ക്ക് ഭീഷണിയാവുന്ന വന്യമൃഗങ്ങളെ വനംവകുപ്പ് തന്നെ കൊന്ന് ഇറച്ചിയാക്കണമെന്ന് പി.സി. ജോര്‍ജ്ജ് പറഞ്ഞത്.
വന്യമൃഗങ്ങളുടെ ശല്യം വര്‍ദ്ധിച്ചുവരികയാണ്, ഇതുമൂലം കര്‍ഷകര്‍ക്ക് പേടികൂടാതെ കൃഷിനടത്താന്‍ പറ്റുന്നില്ല.ഇതുകൊണ്ട് കാട്ടുപോത്ത്, പന്നി, മ്‌ളാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പ് തന്നെ കൊല്ലണം, ഇതുവഴി വനംവകുപ്പിന് ലാഭവും കര്‍ഷകര്‍ക്ക് സുരക്ഷയുമുണ്ടാവും, പി.സി ജോര്‍ജ്ജ് ചടങ്ങില്‍ പറഞ്ഞു.
ആസ്‌ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചി ഒരു പ്രധാനവിഭവമാണ്, വന്യമൃഗശല്യം എങ്ങനെ നിയന്ത്രിക്കാമെന്ന് വനംവകുപ്പ് ഇത്തരം രാജ്യങ്ങളില്‍ നിന്ന് പഠിക്കണം.
വന്യമൃഗ ശല്യം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും പി.സി ജോര്‍ജ്ജ് പറയുന്നുണ്ട്. ചടങ്ങില്‍ പിണറായി സര്‍ക്കാരിനെ അഭിനന്ദിക്കാനും പി.സി. ജോര്‍ജ്ജ് മറന്നില്ല. പിണറായി സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് ഒരു മാറ്റം കാണുന്നുണ്ട്, ഇതേ രീതിയില്‍ ഭരണം മുന്നോട്ട് പോകണം പി.സി ജോര്‍ജ്ജ് പറഞ്ഞു.