അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി മോദി തന്നെ, ഇക്കാര്യം രാഹുലിനുമറിയാം: പി.സി. ജോര്‍ജ്
തിരുവനന്തപുരം: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും നരേന്ദ്രമോദി സര്‍ക്കാര്‍ തന്നെ ഭരണത്തില്‍ വരുമെന്നും, അക്കാര്യം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും അറിയാമെന്നും ജനപക്ഷ നേതാവ് പി.സി. ജോര്‍ജ്.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സ്വാഭാവികമായി മുന്‍തൂക്കം ഉണ്ടാവുമെന്നും എന്നാല്‍ എന്തെല്ലാം പ്രശ്ങ്ങള്‍ നേരിട്ടാലും മോദി ഇന്ത്യന്‍ പ്രധാനമന്ത്രി ആവുമെന്നുമാണ് പി.സി ജോര്‍ജ് പറയുന്നത്.
കോണ്‍ഗ്രസ്സും സി.പി.ഐ.എമ്മും ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുന്നവരാണ്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ്സും സി.പി.ഐ.എമ്മും ശത്രുത മനോഭാവത്തിലാണ്. കേരളത്തില്‍ പരസ്പരം താല്പര്യമില്ലാത്ത മുന്നണി നേതാക്കന്മാര്‍ പാര്‍ട്ടി വിട്ട് പുറത്തു പോവണമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. എന്നാല്‍ അത്തരത്തില്‍ പുറത്തു പോവുന്ന നേതാക്കള്‍ക്ക് എത്തിച്ചേരാനുള്ള ഇടമായി ബി.ജെ.പി കേരളത്തില്‍ വളരുന്നു എന്നും വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മുന്നണിയായി മത്സരിക്കുന്നവര്‍ കേരളത്തില്‍ ചെയ്യുന്നത് മര്യാദ ഇല്ലായ്മയാണെന്നും, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും സി.പി.ഐ.എം പാര്‍ട്ടി സെക്രട്ടറി ഗോവിന്ദനും ചര്‍ച്ച ചെയ്തു ഒരു മുന്നണിയായി കേരളത്തിലും മത്സരിക്കണമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
സീറ്റുകള്‍ തുല്യമായി വിഭജിച്ചു മത്സരിക്കാന്‍ ഇരു കൂട്ടരും ധൈര്യം കാണിക്കണമെന്നും അപ്പോള്‍ കേരളം ആര് ഭരിക്കും എന്ന ചോദ്യത്തിന് ഉത്തരം കിട്ടുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ സഹോദരന്‍ ജെയിംസ് ആന്റണി കോട്ടയം മൂന്നിലവ് സഹകരണ ബാങ്കിലെ മുന്‍ പ്രസിന്‍ഡന്റായിരിക്കെ വ്യാജ ലോണ്‍ എടുത്ത് വൃദ്ധ ദമ്പതികളെ കബളിപ്പിച്ച വിഷയത്തില്‍ താന്‍ ഇടപെടുമെന്നും പണം തിരികെ ദമ്പതികള്‍ക്ക് ലഭിക്കാന്‍ പരിശ്രമിക്കുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പണയ ഭൂമിയുടെ ആധാരം മറ്റൊരാളുടെ പേരില്‍ പണയപ്പെടുത്തി ജെയിംസ് ആന്റണി പണം തട്ടുകയായിരുന്നു എന്നാണ് പരാതി. വിജിലന്‍സ് അന്വേഷണം നടക്കുന്ന വിഷയത്തില്‍ കുടുംബം സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Content Highlight: PC George Criticise LDF UDF leaders