തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തില്‍ അഭിമാനിക്കുന്നതായി പി.സി ജോര്‍ജ് എം.എല്‍.എ.
മംഗലാപുരത്തെ മുഖ്യമന്ത്രിയുടെ പ്രസംഗം കൃത്യമായിരുന്നെന്നും കാലുകുത്താന്‍ അനുദിക്കില്ലെന്ന് പറഞ്ഞിടത്ത് എത്തി പറയേണ്ട കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ആര്‍.എസ്.എസിനെ കണ്ടാണ് താന്‍ വളര്‍ന്നതെന്നും പഠിക്കുന്ന കാലത്ത് ആര്‍.എസ്.എസ് ഉയര്‍ത്തിയ കത്തിയുടെയും വടിവാളിന്റെയും ഇടയിലൂടെ നടന്നിട്ടുണ്ടെന്നും പിണറായി പറഞ്ഞിരുന്നു. ഈ പരാമര്‍ശം ഏറ്റെടുപിടിച്ചായിരുന്നു പി.സി ജോര്‍ജിന്റെ ചോദ്യം.
കേരളത്തില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണ്. ആരു കൊല്ലുന്നു എന്നതല്ല, വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെടുന്നതെന്നോര്‍ക്കണം. ഇത് അംഗീകരിക്കാനാകുമോ?
ഈ സാഹചര്യം പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? ഇതിനെതിരെ എന്തു നടപടി സ്വീകരിക്കും എന്നായിരുന്നു പി.സി ജോര്‍ജിന്റെ ചോദ്യം. മനുഷ്യജീവന്‍ നഷ്ടപ്പെടുന്നതില്‍ നമ്മളാരും സന്തോഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ നടപടിയ്ക്കൊപ്പം ബോധവത്കരണവും ആരംഭിക്കും. സമാധാന സംഭാഷണത്തില്‍ അക്രമത്തെ അനുകൂലിക്കുന്നവര്‍പോലും സഹകരണ മനോഭാവമാണ് പ്രകടിപ്പിച്ചത്. ഇടതുപക്ഷത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്തും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കര്‍ണാടകത്തില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന സംഘപരിവാര്‍ ഭീഷണിക്ക് കടുത്ത ഭാഷയിലായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്.
“മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയന്‍ ഇന്ദ്രനെയോ ചന്ദ്രനെയോ ഭയപ്പെടാത്ത ആളാണ്, അതുകൊണ്ട് വിരട്ടൊന്നും ഇങ്ങോട്ടു വേണ്ട”ന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ബ്രണ്ണന്‍ കോളജില്‍ നിന്നു താന്‍ പഠനം കഴിഞ്ഞിറങ്ങിയ കാലം നിങ്ങള്‍ ഓര്‍ക്കണം. അന്ന് ആര്‍.എസ്.എസിന്റെ ഊരിപ്പിടിച്ച കത്തിക്കും വാളിനും ഇടയിലൂടെയാണ് താന്‍ അന്നു നടന്നു നീങ്ങിയത്. അന്ന് നിങ്ങള്‍ക്ക് എന്നെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഇപ്പോഴും ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇപ്പോള്‍ മുഖ്യമന്ത്രി അല്ലായിരുന്നെങ്കിലും തന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
ഒരു ദിവസം ആകാശത്തുനിന്ന് പൊട്ടി വീണ ആളല്ല ഞാന്‍. മുഖ്യമന്ത്രി ആയതു കൊണ്ടാണ് ഒരു സംസ്ഥാനത്ത് ചെല്ലുമ്പോള്‍ ആ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ചത്. അതുകൊണ്ടാണ് സര്‍ക്കാര്‍ പോകരുതെന്നു പറഞ്ഞ സ്ഥലങ്ങളില്‍ പോകാതിരുന്നതും.
മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയന്‍ ആയിരുന്നെങ്കില്‍ ഇന്നു താന്‍ എല്ലായിടത്തും എത്തിയേനെ. തടയാന്‍ നിങ്ങള്‍ക്കാകുമായിരുന്നില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. തനിക്കു സുരക്ഷ ഒരുക്കിയ കര്‍ണാടക സര്‍ക്കാരിനെ അഭിനനന്ദിക്കുന്നതായും പിണറായി പറഞ്ഞിരുന്നു.
തടയുമെന്ന സംഘപരിവാറിന്റെ ഭീഷണി തള്ളി മംഗലാപുരത്തെത്തിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഉജ്ജ്വല സ്വീകരമാണ് ഒരുക്കിയിരുന്നത്.