|

'വേലയ്ക്ക് നിന്ന പുലയ സ്ത്രീയില്‍ ഉണ്ടായവനാണ് ഈ വൈദികന്‍'; ആലഞ്ചേരിക്കെതിരെ ആരോപണമുയര്‍ത്തുന്ന വൈദികരെ ജാതീയമായി അധിക്ഷേപിച്ച് പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ആരോപണമുയര്‍ത്തുന്ന വൈദികരെ ജാതീയമായി അധിക്ഷേപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ.

വൈദികരുടെ ഈ നീക്കം സഭയില്‍ വിഘടനത്തിന് കാരണമാകില്ലേ എന്ന ചോദ്യത്തിനാണ് പി.സി ജോര്‍ജ്ജ് കടുത്ത ഭാഷയില്‍ മറുപടി നല്‍കുന്നത്.

“”സഭയില്‍ എന്ത് വിഘടനമുണ്ടാകാനാണ്? ഞാന്‍ പറഞ്ഞില്ലേ, പുലയ സ്ത്രീയില്‍ ജനിച്ചവനാണ് ഈ വൈദികന്‍. അവരൊക്കെ പറഞ്ഞാല്‍ ഇവിടെ കത്തോലിക്കരാരെങ്കിലും കേള്‍ക്കാനുണ്ടോ. അതൊക്കെ അവനൊക്കെ കത്തോലിക്കനാണെന്ന് പറയുന്നത് നാണക്കേടാണ്. അതൊന്നുമില്ലന്നേ””, പി.സി പറഞ്ഞു. പി.സി ജോര്‍ജ്ജ് എം.എല്‍.എയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.


Dont Miss സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുത്തു; ഭൂമി കൊടുത്തത് ശബരീനാഥിന്റെ സുഹൃത്തിന്റെ ബന്ധുവിന്


“എറണാകുളം അങ്കമാലി രൂപതയില്‍ ചന്തകളായ കുറേ വൈദികരുണ്ട്. അവരുടെയൊക്കെ കുര്‍ബാന പോലും ഇനി ക്രിസ്ത്യാനിയെ കിട്ടാതാകും വലിയ താമസമില്ലാതെ. ഞാന്‍ പറയുമ്പോള്‍ അന്വേഷിക്കട്ടെ.

അങ്കമാലിയിലെ ഏറ്റവും പ്രമുഖ കുടുംബത്തിന്റെ പേരാണ് ഈ വൈദികന്. പേരിനോടൊപ്പം ഈ കുടുംബത്തിന്റെ പേരാണ് ഇട്ടിരിക്കുന്നത്. ഈ ചന്തയാകുന്ന ഇവനെങ്ങനെയാ ഈ കുടുംബത്തിലെ മാന്യന്‍. അന്വേഷിച്ചപ്പോഴാ അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീയില്‍ ഉണ്ടായവനാ പോരേ. അവരുടെ വൈദികനെ, എങ്ങനെ നന്നാകും സഭ?””, പി.സി ജോര്‍ജ് ചോദിക്കുന്നു.

“പണ്ടുകാലത്തൊക്കെ വൈദികരെ തെരഞ്ഞെടുത്തത് വളരെ മാന്യമായി നോക്കിയാ. വൈദികരുടെ എണ്ണം കുറഞ്ഞപ്പോള്‍ ഏത് ചന്തയ്ക്കും വൈദികനാകാം എന്ന നിലവന്നിരിക്കുകയാ. പത്ത് ചക്രം കാണുമ്പോള്‍ ഇവനൊക്കെ ഹാലിളകുകയാണ്. ഇതൊന്നും ശരിയായ നടപടിയല്ല.

എറണാകുളം അങ്കമാലി രൂപതയുടെ കാര്യങ്ങള്‍ ക്രൈസ്തവ സഭയ്ക്ക് വലിയ അപമാനം വരുത്തിവച്ചിട്ടുണ്ട്. കോടതിയുടെ ഇടപെടല്‍ പോലും വരുത്തിവച്ച ആ സാഹചര്യം, ഞാന്‍ ചോദിക്കട്ടെ കോടതിയില്‍ പോയി അഞ്ച് ലക്ഷം രൂപ ഫീസ് കൊടുത്ത് വക്കീലിനെ വച്ചിരിക്കുന്നു കര്‍ദ്ദിനാളിനെതിരെ. എവിടുന്നാണ് ഇവനീ അഞ്ച് ലക്ഷം രൂപ കിട്ടിയത്?

ഫീസ് കൊടുക്കാന്‍ കാശ് വേണ്ടേ? അപ്പോള്‍ ഇതിനൊക്കെ പുറകില്‍ സമ്പന്നന്മാര്‍ ഉണ്ടോ എന്നതിന് സംശയമുണ്ടോ, ഇതിനൊക്കെയെതിരേ ക്രൈസ്തവ സമൂഹമല്ല, മനസാക്ഷിയുള്ള വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് എന്റെ അഭിപ്രായം””, പിസി ജോര്‍ജ്ജ് പറഞ്ഞു.