ദിലീപിന് ജാമ്യം നല്‍കിയതിലൂടെ ജനാധിപത്യ വ്യവസ്ഥയില്‍ കോടതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് പി.സി ജോര്‍ജ് എം.എല്‍.എ
Kerala
ദിലീപിന് ജാമ്യം നല്‍കിയതിലൂടെ ജനാധിപത്യ വ്യവസ്ഥയില്‍ കോടതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് പി.സി ജോര്‍ജ് എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd October 2017, 8:44 pm

തിരുവനന്തപുരം: ദിലീപിന് ജാമ്യം നല്‍കിയതിലൂടെ ജനാധിപത്യ വ്യവസ്ഥയില്‍ കോടതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ദിലീപിന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന് ജാമ്യം കിട്ടിയത് സന്തോഷമുള്ള കാര്യമാണ്. ഇത് കോടതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നുംഅദ്ദേഹം പറഞ്ഞു.

ഒരു കൊള്ളക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍, നിരപരാധിയെന്നു ജനം വിശ്വസിക്കുന്ന ഒരു പ്രമുഖ നടനെ ഇത്രനാള്‍ ജയിലില്‍ പിടിച്ചിട്ടതിനോടു ജനങ്ങള്‍ യോജിക്കുന്നില്ല. പൊലീസ് ദിലീപിനെതിരെ പറഞ്ഞ ഒരു കാര്യംപോലും സത്യസന്ധമല്ല. ആ സാഹചര്യത്തില്‍ കോടതി ജാമ്യം കൊടുത്തതു നന്നായി. അല്ലെങ്കില്‍ കോടതിയെപ്പറ്റിയും അവിശ്വാസം ഉണ്ടാകുമായിരുന്നെന്നും ജോര്‍ജ് വ്യക്തമാക്കി.


Also Read ഗുജറാത്തില്‍ ബി.ജെ.പി കൗണ്‍സിലറെ നാട്ടുകാര്‍ കെട്ടിയിട്ട് തല്ലി; വീഡിയോ


ദിലീപിനെതിരെ ആരാണ് കള്ളക്കേസ് ഉണ്ടാക്കിയത്? തിരക്കഥ എഴുതിയതാരാണ് എന്നതുള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ തിരിച്ചറിയാന്‍ കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അതിനായി നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും പി.സി ജോര്‍ജ് പറഞ്ഞു.