കന്യാസ്ത്രീയെ അപമാനിക്കുന്ന പരാമര്‍ശം; വനിതാ കമ്മീഷന്റെ അന്ത്യശാസനം തള്ളി പി.സി ജോര്‍ജ്
Kerala News
കന്യാസ്ത്രീയെ അപമാനിക്കുന്ന പരാമര്‍ശം; വനിതാ കമ്മീഷന്റെ അന്ത്യശാസനം തള്ളി പി.സി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th November 2018, 7:52 am

ന്യുദല്‍ഹി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രിയെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതിനെ കുറിച്ച് നേരിട്ട് ഹജരായി വിശദീകരണം നല്‍കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ ഉത്തരവിനെ വീണ്ടും വെല്ലുവിളിച്ച് പി.സി ജോര്‍ജ് എം.എല്‍.എ.

കമ്മീഷന്റെ മുന്നില്‍ ഹാജരാവണമെന്ന അന്ത്യശാസന നല്‍കിയിട്ടും കമ്മിഷനു മുമ്പില്‍ താനെത്തില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ജോര്‍ജ് കത്തു നല്‍കുകയായിരിന്നു. സമാന പരാതിയില്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ ക്രിമനല്‍ കേസുണ്ടെന്നും അതു നിലനില്‍ക്കെ, ഇക്കാര്യത്തില്‍ മറ്റാര്‍ക്കും വിശദീകരണം നല്‍കാനാവില്ലെന്നുമാണ് ജോര്‍ജിന്റെ വാദം.

Also Read “എന്റെയും ചേട്ടന്റെയും ശബ്ദം ഒരേ പോലെ”; വിശ്വാസസംരക്ഷണത്തിനായി സുധാകരനും ശ്രീധരന്‍ പിള്ളയും നടത്തുന്ന പ്രസംഗങ്ങളിലെ സാമ്യം

ജോര്‍ജിന്റെ അഭിഭാഷകനായ അഡോള്‍ഫ് മാത്യു വഴിയാണ് ജോര്‍ജ് കമ്മീഷന് കത്ത് നല്‍കിയത്. രണ്ടു തവണ സമയം അനുവദിച്ചിട്ടും ജോര്‍ജ് ഒഴിഞ്ഞുമാറിയതില്‍ കമ്മിഷനു കടുത്ത അതൃപ്തിയുണ്ട്.

കഴിഞ്ഞ സെപ്റ്റംബര്‍ 10നാണ് വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ ജോര്‍ജിന് നോട്ടീസ് അയച്ചത്. എന്നാല്‍, നിയമസഹായം തേടാന്‍ കൂടുതല്‍ സമയം വേണമെന്ന് ജോര്‍ജ് ആദ്യം മറുപടി നല്‍കുകയായിരുന്നു. തുടര്‍ന്ന് കമീഷന്‍ അത് അനുവദിച്ചു. തുടര്‍ന്ന് ഒക്‌ടോബര്‍ നാലിനു ഹാജരാകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനാണ് ഹാജരായത്. തുടര്‍ന്ന് ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്.

കേസില്‍ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ ഇന്നു നിലപാടു വ്യക്തമാക്കും വാറന്റടക്കമുള്ള നടപടികള്‍ക്ക് കമ്മീഷന് അധികാരമുണ്ട്.

DoolNews Video