| Tuesday, 4th December 2018, 2:14 pm

റബര്‍ കര്‍ഷകര്‍ക്ക് ഖജനാവില്‍ നിന്ന് ഒരു പൈസപോലും കൊടുക്കരുത്; റബര്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കണമെന്നും പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്സിഡി നല്‍കരുതെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. നിലവിലുള്ള റബര്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കണമെന്നും പി.സി ജോര്‍ജ് നിയമസഭയില്‍ ആവശ്യപ്പെട്ടു.

പരിസ്ഥിതിയെ നശിപ്പിക്കുന്ന റബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു പി.സി.ജോര്‍ജിന്റെ റബര്‍ കര്‍ഷകര്‍ക്കെതിരെയുള്ള പരാമര്‍ശം.


“എത്രയോ ലാഭകരമായ മറ്റു കൃഷികള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. ഇതിന് മാതൃകയായി ആറരയേക്കറോളം റബര്‍ മരങ്ങള്‍ വെട്ടികളഞ്ഞ് ഞാന്‍ മറ്റു കൃഷികള്‍ നടത്തുന്നു. പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഒരേക്കറില്‍ നിന്ന് 16 ലക്ഷം വീതം എനിക്ക് കിട്ടാന്‍ പോകുകയാണ്.

അതുകൊണ്ട് ദൈവത്തെയോര്‍ത്ത് ധനകാര്യമന്ത്രി ഒരു പൈസ പോലും പൊതുഖജനാവില്‍ നിന്ന് റബര്‍ കൃഷിക്ക് കൊടുക്കരുത്. ഇത് വെള്ളം വലിച്ചെടുത്ത് പരിസ്ഥിതിയെ തകര്‍ക്കും. അത് കൊണ്ട് റബര്‍ കൃഷിക്ക് പകരമുള്ള കൃഷി നടത്താന്‍ മന്ത്രി തയ്യാറുണ്ടോയെന്നും” പി.സി.ജോര്‍ജ് ചോദിച്ചു.

“റബര്‍ കൃഷി ലാഭകരമായി നടത്താന്‍ നമുക്ക് കഴിയില്ല. പരിസ്ഥിതി തകര്‍ക്കുന്ന ഈ കൃഷിയില്‍ നിന്ന് ഒരു തരത്തിലും ലാഭമുണ്ടാക്കാനാകില്ല. ഏതോ സായിപ്പ് കൊണ്ടുവന്ന് മലയാളികളെ കബളിപ്പിച്ചതാണ്. അസം ഉള്‍പ്പടെയുള്ള മേഖലയിലും ആഫ്രിക്കയിലും റബര്‍ കൃഷി വ്യാപിച്ച് കിടക്കുമ്പോള്‍ നമുക്ക് എന്ന് ലാഭം കിട്ടാനാണെന്നും” പി.സി.ജോര്‍ജ് നിമസഭയില്‍ ചോദിച്ചു.


അതേസമയം, ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ബന്ധു നിയമന വിവാദം ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കെ. മുരളീധരന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ജലീലിന്റെ ബന്ധു അദീബിന് നിയമനം നല്‍കിയത് ഡെപ്യൂട്ടേഷന്‍ വഴിയാണ്. അപേക്ഷ ക്ഷണിച്ച ശേഷം സര്‍ക്കാരിന് യോജിച്ച ആളെന്ന് കണ്ടെത്തിയാണ് അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോപണം അടിസ്ഥാന രഹിതമായതിനാല്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ച് അടിയന്തരമായി വിഷയത്തില്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more