തിരുവനന്തപുരം: 96ലെ ഭരണാധികാരിയായ പിണറായി വിജയന്‍ എവിടെപ്പോയെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രിയോടാണ് പി.സി ജോര്‍ജിന്റെ ഈ ചോദ്യം.
മംഗളുരുവില്‍ പിണറായി നടത്തിയ പ്രസംഗത്തെ പ്രശംസിച്ചുകൊണ്ടാണ് പി.സി ജോര്‍ജ് മുഖ്യമന്ത്രിയോട് ഈ ചോദ്യം ചോദിച്ചത്. ആര്‍.എസ്.എസിനെ കണ്ടാണ് താന്‍ വളര്‍ന്നതെന്നും പഠിക്കുന്ന കാലത്ത് ആര്‍.എസ്.എസ് ഉയര്‍ത്തിയ കത്തിയുടെയും വടിവാളിന്റെയും ഇടയിലൂടെ നടന്നിട്ടുണ്ടെന്നും പിണറായി പറഞ്ഞിരുന്നു. ഈ പരാമര്‍ശം ഏറ്റെടുപിടിച്ചായിരുന്നു പി.സി ജോര്‍ജിന്റെ ചോദ്യം.
കേരളത്തില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണ്. ആരു കൊല്ലുന്നു എന്നതല്ല, വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെടുന്നതെന്നോര്‍ക്കണം. ഇത് അംഗീകരിക്കാനാകുമോ ഈ സാഹചര്യം പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? ഇതിനെതിരെ എന്തു നടപടി സ്വീകരിക്കും എന്നായിരുന്നു പി.സി ജോര്‍ജിന്റെ ചോദ്യം.
മനുഷ്യജീവന്‍ നഷ്ടപ്പെടുന്നതില്‍ നമ്മളാരും സന്തോഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ നടപടിയ്‌ക്കൊപ്പം ബോധവത്കരണവും ആരംഭിക്കും. സമാധാന സംഭാഷണത്തില്‍ അക്രമത്തെ അനുകൂലിക്കുന്നവര്‍പോലും സഹകരണ മനോഭാവമാണ് പ്രകടിപ്പിച്ചത്. ഇടതുപക്ഷത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്തും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.