| Wednesday, 24th May 2017, 3:38 pm

പാലിയേക്കരയിലെ ടോള്‍ കൊള്ള നിയമസഭയില്‍ ഉന്നയിച്ച് പൂഞ്ഞാര്‍ സിംഹം; ശക്തമായ നടപടി വേണം; പി.സി ജോര്‍ജ്ജ് നേരിട്ട് ഇറങ്ങുമെന്നും സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ പാലിയേക്കര ടോള്‍ പ്ലാസയിലെ അന്യായമായ ടോള്‍ കൊള്ളയ്‌ക്കെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ് രംഗത്ത്. ദേശീയ പുരസ്‌കാര ജേതാവായ നടി സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെയാണ് പി.സി വിഷയം നിയമസഭയില്‍ എത്തിച്ചത്.

ടോള്‍ ബൂത്തിലെ വരിയില്‍ ഒരു സമയം അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ വന്നാല്‍ ഗെയിറ്റ് തുറന്നെടുക്കണമെന്നാണ് നിയമം. എന്നാല്‍ ഇത് കാറ്റില്‍ പറത്തുന്ന ടോള്‍ പിരിവുകാര്‍ ചെയ്യുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. രോഗികളുമായി വരുന്ന ആംബുലന്‍സ് പോലും നിര്‍ത്തിച്ച് പിരിവ് നടത്തുന്ന കശ്മലന്‍മാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പി.സി നിയമസഭയില്‍ ആവശ്യപ്പെട്ടു.


Also Read: ‘ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും എല്‍.ഡി.എഫ് തന്നെ അധികാരത്തിലെത്തും’; ടൈംസ് ഓഫ് ഇന്ത്യയുടെ അഭിപ്രായ സര്‍വ്വേയില്‍ പിണറായി സര്‍ക്കാറിന് പാസ് മാര്‍ക്ക് മാത്രം


ഇക്കാര്യം ധനമന്ത്രി ശ്രദ്ധിക്കണമെന്നും പി.സി ആവശ്യപ്പെട്ടു. അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ഒരു വരിയില്‍ വരുമ്പോള്‍ ഇനിയും ഗെയിറ്റ് തുറന്നു കൊടുക്കുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും പി.സി ജോര്‍ജ്ജ് ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പാലിയേക്കര ടോള്‍ പ്ലാസയിലെ പിരിവിന്റെ മുഴുവന്‍ വിശദാംശങ്ങളും അദ്ദേഹം ശേഖരിക്കുന്നുണ്ട്.

318 കോടി മാത്രം ചെലവഴിച്ച് നിര്‍മ്മിച്ച പാതയില്‍ നിന്ന് നാല് കൊല്ലം കൊണ്ട് 600 കോടി രൂപയിലേറെ കമ്പനി സ്വന്തമാക്കിക്കഴിഞ്ഞു. ടോള്‍ പിരിക്കാന്‍ കമ്പനിക്ക് ഇനിയും 13 കൊല്ലം കൂടി അനുവാദമുണ്ട്. യഥാര്‍ത്ഥ കണക്കിലെ തുക ഇതിലും എത്രയോ അധികമാണെന്നും പറയപ്പെടുന്നു. വസ്തുതകള്‍ ഇതെല്ലാമാണെന്നിരിക്കെയാണ് ടോള്‍ പ്ലാസയിലെ കൊള്ള തുടരുന്നത്.


Don”t Miss: വാര്‍ത്താ വായനയ്ക്കിടെ സ്റ്റുഡിയോയിലേക്ക് പട്ടി കയറിവന്നാലോ? യുട്യൂബില്‍ ഹിറ്റായ വീഡിയോ കാണാം


ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി സുരഭി ലക്ഷ്മി ഫേസ്ബുക്ക് ലൈവുമായി രംഗത്തെത്തിയത്. ആശുപത്രിയിലേക്ക് രോഗിയുമായി പോകുന്ന വാഹനം പോലും കടത്തി വിടാത്തതിനെതിരെ പ്രതികരിച്ച സുരഭിയ്ക്ക് വന്‍ പിന്തുണയാണ് നവമാധ്യമങ്ങളില്‍ ലഭിച്ചത്.

സുരഭിയുടെ ലൈവ് വീഡിയോ കാണാം:

We use cookies to give you the best possible experience. Learn more