| Friday, 27th November 2020, 11:32 am

'സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിവരെയെത്തും'; യു.ഡി.എഫ്-എല്‍.ഡി.എഫ് നേതാക്കളെക്കൊണ്ട് ആശുപത്രി ഐ.സി.യു നിറയുമെന്നും പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികളിലെ നേതാക്കളെല്ലാം ഇന്ന് ഐ.സി.യുവിലാണെന്നും യു.ഡി.എഫ്- എല്‍.ഡി.എഫ് നേതാക്കളെല്ലാം ഇങ്ങനെ ആശുപത്രിയില്‍ കിടക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ ആശുപത്രികള്‍ നിറയുമെന്നും പരിഹസിച്ച് പി.സി ജോര്‍ജ് എം.എല്‍.എ.

യു.ഡി.എഫിലെ ഒരാള്‍ ആശുപത്രിയിലാണ്. മറ്റൊരാള്‍ ജയിലിലും. ഇടതുപക്ഷത്താണെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് പ്രതിസന്ധിയില്‍. സി.എം രവീന്ദ്രന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്, താമസിയാതെ ശിവശങ്കരനും ആശുപത്രിയിലേക്ക് പോകുമെന്നും പി.സി ജോര്‍ജ് പരിഹസിച്ചു.

ശിവശങ്കരനും മുഖ്യമന്ത്രിയുടെ ഓഫീസും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതികളാകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിവരെയെത്തുമെന്ന് ഭയമുണ്ട്. ഇത് രാഷ്ട്രീയവും തെരഞ്ഞെടുപ്പ് സ്റ്റണ്ടുമൊന്നുമല്ല, സത്യമായ കാര്യങ്ങളാണ്.

സി.പി.ഐ.എം എം.എല്‍.എമാര്‍ ഇക്കാര്യത്തില്‍ പങ്കില്ലാത്തവരാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കുഴപ്പത്തിലാണ്. കേരളത്തിലേക്ക് സ്വര്‍ണ്ണക്കടത്ത് നടത്തിയെന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതും സത്യങ്ങളാണ്. ആ സത്യത്തില്‍ ശിവശങ്കരനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസും കൂട്ടുനിന്നു എന്നത് ഭീകരമായ സംഭവമാണ്.

ഇ.ഡി ആരെയും ഉപദ്രവിക്കാതെയും പീഢിപ്പിക്കാതെയുമാണ് സത്യം കണ്ടെത്തുന്നത്. അതില്‍ കണ്ടെത്തിയ ചില കാര്യങ്ങളാണ് അവര്‍ ഇപ്പോള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അതില്‍ ബാക്കിയുള്ളതുകൂടി നല്‍കുന്നതോടെ സത്യം പൂര്‍ണമായും പുറത്തുവരുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

രണ്ട് മുന്നണികളുടെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അപമാനകരമാണ്. ഇതെല്ലാം പൊതുരാഷ്ട്രീയത്തിന്റെ അപചയമാണ് കാണക്കാക്കുന്നത്. എല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പാലാരിവട്ടം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഈ ഗതികേടില്‍ കിടക്കുമ്പോള്‍ ചോദ്യം ചെയ്യാനുള്ള തീരുമാനത്തില്‍ വലിയ ദുഖമുണ്ട്. എന്നാല്‍ ലീഗ് എം.എല്‍.എ കമറുദ്ദീന്‍ അങ്ങനെയാണോ? എല്ലാ ജനങ്ങളേയും കളിപ്പിച്ചല്ലേ ജയിലില്‍പോയി കിടക്കുന്നതെന്നും ജോര്‍ജ് ചോദിച്ചു.

സി.എം രവീന്ദ്രന്റെ ആരോഗ്യനിലയില്‍ വിശദമായ പരിശോധന വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാഷ്ട്രീയം മാത്രമല്ലെന്നും സ്വര്‍ണ്ണക്കടത്തുകേസില്‍ ശിവശങ്കരനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിയാകുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PC George Against L.D.F, U.D.F

We use cookies to give you the best possible experience. Learn more