| Sunday, 12th May 2019, 4:55 pm

കെ.എം മാണിയുടെ മരണത്തില്‍ ജോസ് കെ. മാണി രാഷ്ട്രീയം കളിച്ചു; മാണിയുടെ ശവശരീരത്തോടും മകന്‍ വിദ്വേഷം പ്രകടിപ്പിച്ചെന്ന് പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കെ.എം മാണിയുടെ മരണത്തില്‍ ജോസ് കെ. മാണി രാഷ്ട്രീയം കളിച്ചെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. മാണിയുടെ ആരോഗ്യനില വഷളായ സാഹചര്യത്തിലും ജോസ് കെ. മാണിയും ഭാര്യയും വോട്ടുതേടി നടക്കുകയായിരുന്നുവെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.

“മാണിഗ്രൂപ്പിനെ പിരിച്ചുവിടണമെന്നാണ് എന്റെ അഭിപ്രായം. മാണിഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടു. സ്വന്തം അപ്പനായ കെ.എം മാണി മുഖ്യമന്ത്രിയാകാതിരിക്കാന്‍ പിന്നില്‍ കളിച്ചയാളാണ് ജോസ് കെ. മാണി. മാണിസാറിനോട് എന്തുകൊണ്ടാണു മകനു വൈരാഗ്യമുണ്ടായതെന്നു പരിശോധിക്കേണ്ടതുണ്ട്. അതു ഞാന്‍ അദ്ദേഹത്തോടു തന്നെ സംസാരിച്ചിട്ടുള്ള കാര്യമാണ്. മാണിസാറിനോടു മകന് അലര്‍ജിയാണ്. അഞ്ചാം തീയതി രാത്രിതന്നെ മാണിസാറിന്റെ മരണം ഏകദേശം തീരുമാനമായതായിരുന്നു. ആറ്, ഏഴ്, എട്ട് തീയതികളില്‍ മകനും ഭാര്യയും കൈയില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു. അപ്പന്‍ മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് അറിയുന്ന ഒരു മകന് എങ്ങനെയാണ് വോട്ട് പിടിക്കാന്‍ പോകാനാകുക?

മാണിസാറിന്റെ മരണശേഷം ശവശരീരത്തോടും മകന്‍ ആ വിദ്വേഷം പ്രകടിപ്പിച്ചിട്ടുണ്ട്. പി.സി ചാക്കോ പ്രമുഖ രാഷ്ട്രീയക്കാരനായിരുന്നു. പള്ളിക്കകത്ത് ശവക്കോട്ടയില്‍ പ്രമുഖസ്ഥാനം നോക്കിയാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. എന്നാല്‍ മാണിസാറിനെ ഒരു മൂലയിലാണ് അടക്കിയിരിക്കുന്നത്. അങ്ങോട്ടാരും ചെല്ലരുതെന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. വര്‍ഷാവര്‍ഷം പ്രാര്‍ഥനയ്ക്കായോ കല്ലറ കാണാനോ ആരും അങ്ങോട്ട് ചെല്ലരുതെന്നു കരുതിയാണ് അങ്ങനെ ചെയ്തിരിക്കുന്നത്.”- ജോര്‍ജ് ആരോപിച്ചു.

കെ.എം മാണിയുടെ മരണത്തെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ അധികാരത്തര്‍ക്കം രൂക്ഷമായതിനു തൊട്ടുപിറകെയാണ് ജോര്‍ജിന്റെ ആരോപണം. ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുവിഭാഗം ഇന്നു രാവിലെ രംഗത്തുവന്നിരുന്നു. ജോസ് കെ. മാണിയെയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസിനെയും കണ്ട് മാണിവിഭാഗത്തെ ജില്ലാ പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ചത്. എന്നാല്‍ ഇതിനെതിരേ പി.ജെ ജോസഫ് രംഗത്തെത്തി.

ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും മാണിവിഭാഗത്തിനു വേണമെന്നും ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 14 ജില്ലകളില്‍ പത്തിലും മാണിവിഭാഗത്തിലുള്ളവരാണ് ജില്ലാ പ്രസിഡന്റ് പദവിയിലുള്ളത്. ഇതില്‍ ഒമ്പതുപേരാണ് ആവശ്യമുന്നയിച്ചത്. തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും അവര്‍ സംയുക്തമായി ആവശ്യപ്പെട്ടു. ചെയര്‍മാനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി അറിയിക്കുകയും ചെയ്തു.

എന്നാല്‍ പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നാണ് പി.ജെ ജോസഫ് പ്രതികരിച്ചത്. ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന ആവശ്യം ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും ജില്ലാ പ്രസിഡന്റുമാര്‍ ഇക്കാര്യം ഉന്നയിക്കുമെന്നു കരുതുന്നില്ലെന്നും അവര്‍ക്കു മാത്രം ഇക്കാര്യം തീരുമാനിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സി.എഫ് തോമസ് ചെയര്‍മാനാകുന്നത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി.ജെ ജോസഫ് ചെയര്‍മാനാകണമെന്ന നിലപാട് ഒരുവിഭാഗത്തിനുണ്ട്. എന്നാല്‍ മാണിവിഭാഗത്തിനും ജോസ് കെ. മാണിക്കും ഇതിനോടു ശക്തമായ വിയോജിപ്പുണ്ട്. പാര്‍ട്ടിനേതൃത്വത്തില്‍ നിന്നും ജോസഫിനെ പൂര്‍ണമായും ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണു മാണിവിഭാഗം ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ അധികാരതര്‍ക്കം വഷളാക്കരുതെന്ന് പ്രസിഡന്റുമാരോട് സി.എഫ് തോമസ് അഭ്യര്‍ഥിച്ചെന്നാണു സൂചന.

We use cookies to give you the best possible experience. Learn more