കോട്ടയം: മാധ്യമങ്ങളുടെ കൂടെ നില്‍ക്കാത്തത് കൊണ്ട് അവര്‍ തന്നെ പേപ്പട്ടിയെപ്പോലെ വേട്ടയാടുകയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കേരള ജനപക്ഷം സംസ്ഥാന കണ്‍വെന്‍ഷന്‍ കോട്ടയം സി.എസ്.ഐ ധ്യാനകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോര്‍ജ്.
കേരളത്തില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും, ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കുന്ന തന്ത്രമാണ് മാധ്യമങ്ങള്‍ പയറ്റുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു. തന്നെ പേപ്പട്ടിയാക്കി ഓടിച്ചിട്ടടിക്കാനാണ് നോക്കുന്നതെന്നും പി.സി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
മാധ്യമങ്ങളുടെ പിന്തുണ ഇല്ലെങ്കിലും മുന്നോട്ട് പോകുമെന്നും പൂഞ്ഞാര്‍ എം.എല്‍.എ പറയുന്നുണ്ട്.
സ്ത്രീസുരക്ഷാ നിയമം സ്ത്രീകള്‍ക്ക് മാന്യത നല്‍കാന്‍ ഉണ്ടാക്കിയതാണെന്നും, ഇത് ദുരുപയോഗം ചെയ്ത് ദുര്‍നടപ്പുകാരായ ചില സ്ത്രീകള്‍ പുരുഷന്‍മാരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും പി.സി ജോര്‍ജ് കുറ്റപ്പെടുത്തി. ഇത്തരം കള്ളനാണയങ്ങള്‍ക്കെതിരെ ഇനിയും പോരാട്ടം തുടരുമെന്നും പി.സി ജോര്‍ജ് പറയുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഒരു മുന്നണിയിലും ചേരാതെ അകലം പാലിക്കുമെന്നും എം.എല്‍.എ കൂട്ടിചേര്‍ക്കുന്നുണ്ട്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്ത്രീകളോട് വൈദ്യപരിശോധന നടത്താന്‍ പറഞ്ഞ പി.സി ജോര്‍ജിന്റെ പ്രസ്താവന വിവാദമായിരുന്നു. ഒരു തവണ പീഡിപ്പിക്കപ്പെട്ടപ്പോള്‍ കന്യാസ്ത്രീ കന്യക അല്ലാതായെന്നുള്ള അധിക്ഷേപകരമായ പരാമര്‍ശവും എം.എല്‍.എ നടത്തി.