| Sunday, 3rd March 2024, 9:18 am

പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പിന്തുണക്കും; അനില്‍ ആന്റണിക്കെതിരെ പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പത്തനംതിട്ടയില്‍ സീറ്റ് ലഭിക്കാത്തതിനെതിരെ പി.സി ജോര്‍ജ്. പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പിന്തുണക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

അനില്‍ ആന്റണിയാണ് പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി. അനില്‍ ആന്റണിക്ക് പത്തനംതിട്ടയോട് എന്താണ് പ്രിയമെന്ന് തനിക്ക് അറിയില്ലെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനോ ശ്രീധരന്‍പിള്ളയോ മത്സരിക്കണമായിരുന്നെന്നും പി.സി ജോർജ് കൂട്ടിച്ചേര്‍ത്തു.

‘അനില്‍ ആന്റണിയാണ് സ്ഥാനാര്‍ത്ഥിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് പാര്‍ട്ടിയുടെ ഗതികേടാണ്. എന്‍.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ ആഗ്രഹിച്ചത് ഞാന്‍ സ്ഥാനാര്‍ത്ഥി ആകണമെന്നാണ്. പത്തനംതിട്ടയില്‍ സീറ്റ് നിഷേധിച്ചതിനെതിരെ കേന്ദ്ര ബി.ജെ.പി നേതൃത്വത്തെ പരാതി അറിയിക്കും’, പി.സി ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് മറ്റൊരു സീറ്റിലും മത്സരിക്കാന്‍ തയ്യാറല്ലെന്നും പി.സി കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ തന്നെ സീറ്റ് ലഭിക്കാത്തതിന്റെ അതൃപ്തി പി.സി ജോർജ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അനില്‍ ആന്റണി പത്തനംതിട്ടയില്‍ അറിയപ്പെടാത്ത ആളാണെന്നും കേരളവുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നുമാണ് പി.സി ജോര്‍ജ് പ്രതികരിച്ചത്.

എ.കെ ആന്റണിയുടെ മകനെന്ന ഗുണമുണ്ടെങ്കിലും അപ്പന്റെ പിന്തുണ അനില്‍ ആന്റണിക്ക് ഇല്ലാത്തത് പ്രശ്‌നമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും തനിക്ക് സീറ്റ് ലഭിക്കരുതെന്ന് ആഗ്രഹിച്ചിരുന്നെന്നും പി.സി കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. കേരളത്തിലെ 12 ലോക്‌സഭാ മണ്ഡലങ്ങളിലുള്‍പ്പടെ രാജ്യത്താകെ 195 സ്ഥാനാര്‍ത്ഥികളടങ്ങുന്ന പട്ടികയാണ് കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്.

Contant Highlight: pc george against Anil Antony on loksabha election

We use cookies to give you the best possible experience. Learn more