കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിനെതിരെ ആഞ്ഞടിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. അമല്‍ ജ്യോതിയിലെ ദുരനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കരഞ്ഞു കൊണ്ട് തന്നോട് പറഞ്ഞുവെന്ന് പി,സി ജോര്‍ജ് വെളിപ്പെടുത്തി.
കോളേജിലേക്ക് കടക്കുന്ന ആണ്‍കുട്ടികളുടെ മുഖത്തേ രോമമുണ്ടെങ്കില്‍ വടിക്കാന്‍ തയ്യാറായി രണ്ടു പേര്‍ സദാ ഗെയിറ്റിനടുത്തുണ്ടാകും. അവരുടെ നിര്‍ദ്ദേശ പ്രകാരം താടി വടിക്കാനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ അരദിവസത്തെ അറ്റന്റന്‍സ് നഷ്ടമാകും. അച്ചടക്കത്തിന്റെ പേരില്‍ കോളേജ് അധികൃതര്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ തന്നോട് പറഞ്ഞതായി പി.സി ജോര്‍ജ് പറയുന്നു.
മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി നേരിട്ടത് ഇതിലും വലിയ പീഡനമാണ്. ലിഫ്റ്റില്‍ കയറാനെത്തിയ വിദ്യാര്‍ത്ഥിനിയോട് ലിഫ്റ്റിലേ നീ കയറുകയുള്ളുവോ നടന്ന് കയറിയാല്‍ നിന്റെ ഗര്‍ഭപാത്രം വീണ് പോകുമോ എന്നായിരുന്നു കോളേജിലെ അധ്യാപകനായ വികാരി ചോദിച്ചത്. ഇങ്ങനെ ചോദിച്ച അച്ചന് വിവരമുണ്ടോയെന്ന് പി.സി ജോര്‍ജ് ചോദിച്ചു.
ക്ലാസില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ അനുവാദം ചോദിച്ച പെണ്‍കുട്ടിയോട് വൈദികന്‍ പറഞ്ഞത് പരസ്യമായി പറയാന്‍ തനിക്ക് മടിയുണ്ടെന്നും പി.സി പറയുന്നു. വിഷയത്തില്‍ ഇടപെടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മടിക്കുകയാണ്്. അതിനാല്‍ കോളേജില്‍ താന്‍ നേരിട്ട് പോകുമെന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും പരാതികള്‍ വാങ്ങുമെന്നും അദ്ദേഹം വ്യകത്മാക്കി.