Advertisement
Kerala News
സിസ്റ്റര്‍ ലൂസി സാത്താന്‍ സേവയുടെ ആള്‍; തൃപ്തി ദേശായിയുടെ സൂക്കേട് തീര്‍ക്കാന്‍ കഴിയുന്നവര്‍ അവിടെ തന്നെയുണ്ട് ; വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി പി.സി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 05, 02:46 am
Thursday, 5th December 2019, 8:16 am

കോട്ടയം: വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി ജനപക്ഷം നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ. സിസ്റ്റര്‍ ലുസി കളപ്പുരയ്ക്കല്‍, ബിന്ദു അമ്മിണി, തൃപ്തി ദേശായി തുടങ്ങിയവര്‍ക്കെതിരെയായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം.

സിസ്റ്റര്‍ ലൂസി സാത്താന്‍ സേവയുടെ ആളാണെന്നും ബിന്ദു അമ്മിണി ചാനലില്‍ മുഖം കാണിക്കാനുള്ള കോപ്രായങ്ങളാണ് കാണിക്കുന്നതെന്നും പി.സി ജോര്‍ജ് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൃപ്തി ദേശായിക്ക് സൂക്കേടാണെന്നും അത് തീര്‍ക്കാന്‍ കഴിയുന്നവര്‍ അവിടെ തന്നെയുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

വൃത്തികെട്ട സ്ത്രീയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍, കള്ള കച്ചവടമാണ് ഇവര്‍ നടത്തുന്നത് ലൂസിയുടെ ചിത്രങ്ങളടങ്ങിയ വലിയ ബോര്‍ഡുകള്‍ വിവിധ നഗരങ്ങളില്‍ വയ്ക്കുന്നു. ഇതിന് എവിടെ നിന്നാണ് പണം എന്നും ജോര്‍ജ് ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ബ്ലാക്ക് മാസിന്റെ ആളാണെന്നും ജോര്‍ജ് ആരോപിച്ചു. ക്രൈസ്തവ സമൂഹത്തിനെതിരെ ലോകവ്യാപകമായി ബ്ലാക്ക് മാസ് പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഭാഗമാണ് ആത്മകഥ എഴുതുന്നതിലൂടെ നടന്നതെന്നും ജോര്‍ജ് പറഞ്ഞു.

ലൂസിയുടെ ആത്മകഥ വായിക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണ്, ഇത്തരത്തില്‍ ആക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട 6 കേസുകള്‍ തനിക്കെതിരെ നിലനില്‍ക്കുന്നതായും അതുകൊണ്ട് മാത്രം കൂടുതലൊന്നും പറയുന്നില്ല എന്നും ജോര്‍ജ്ജ് പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ബോംബേന്ന് ചാടി വരുന്നവള്‍ക്ക് സൂക്കേടാണെന്നും അത് തീര്‍ക്കാന്‍ കഴിവുള്ളവര്‍ അവിടെതന്നെയുണ്ടെന്നുമാണ് തൃപ്തി ദേശായിയെ കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video