കൊച്ചി: തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫ് തന്റെ സ്വന്തം ആളാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
നേരില്‍ കണ്ടപ്പോള്‍ ജോ ജോസഫ് കെട്ടിപ്പിടിച്ച് ഉമ്മ തന്നിരുന്നു. ജോ ജോസഫിന്റെ കുടുംബം മുഴുവന്‍ കേരള കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോണ്‍ഗ്രസിന്റെ വേണ്ടപ്പെട്ടയാളാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഹിന്ദു മഹാസമ്മേളനത്തില്‍ സംസാരിച്ചത് സ്ഥാനാര്‍ത്ഥിയാകാനല്ല. കേരളത്തിലെത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ ഇന്ന് നേരില്‍ കാണും. തൃക്കാക്കരയില്‍ ഇരു മുന്നണികളും വര്‍ഗീയ കാര്‍ഡിറക്കിയാണ് മത്സരിക്കുന്നതെന്നും, ബി.ജെ.പി നിര്‍ണായക ശക്തിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 31നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇരു മുന്നണികളും മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഡോ. ജോ ജോസഫാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദനും കൂടിയാണ് അദ്ദേഹം.
എറണാകുളം ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും കാലതാമസം ഉണ്ടായത് നടപടി പൂര്‍ത്തിയാകാത്തതിനാലാണെന്നും ഇ.പി. ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു
കെ-റെയില്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ വോട്ടാക്കി മാറ്റാനാണ് എല്‍.ഡി.എഫ് തീരുമാനം. ‘ഉറപ്പാണ് 100; ഉറപ്പാണ് എല്‍.ഡി.എഫ്’ എന്ന ഹാഷ്ടാഗോടെ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം സജീവമായിക്കഴിഞ്ഞു.
കോണ്‍ഗ്രസ് കോട്ടയായ തൃക്കാക്കര മണ്ഡലത്തില്‍ ഇക്കുറി പി.സി തോമസിന്റെ ഭാര്യ ഉമാ തോമസാണ് സ്ഥാനാര്‍ത്ഥി. പി ടി തോമസിനൊപ്പം പാട്ടുപാടി പ്രചാരണവേദികളില്‍ പണ്ടേയിറങ്ങിയിട്ടുളള ഉമാ തോമസിനെ തൃക്കാക്കരയില്‍ ‘പാട്ടും പാടി’ ജയിപ്പിക്കാം എന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് കളത്തിലിറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവ പ്രവര്‍ത്തകയായിരുന്നു ഉമാതോമസ്.
പി.ടിയേക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമ തോമസ് ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. വനിതാ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ സിന്ധുമോള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന നേതാവായ എ.എന്‍ രാധാകൃഷ്ണന്റെ പേരും ഉയരുന്നുണ്ട്. എ.എ.പി ട്വന്റി ട്വന്റി സഖ്യത്തില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല.