സത്യഭാമയോട് വൈരാഗ്യം തോന്നിയില്ല; അവർ പറഞ്ഞതിനകത്ത് അല്പം സത്യമുണ്ട്: പി.സി. ജോർജ്
കോട്ടയം: സത്യഭാമയുടെ ജാതീയ അധിക്ഷേപ പരാമർശത്തിൽ അല്പം സത്യമുണ്ടെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. താൻ ഒരു സാഹിത്യകാരൻ അല്ലെന്നും തനിക്ക് ഡാൻസ് അറിയില്ലെന്നും പി.സി. ജോർജ് പറഞ്ഞു. എന്നാൽ സത്യഭാമയോട് തനിക്ക് വൈരാഗ്യം തോന്നിയിട്ടില്ലെന്നും അവർ പറഞ്ഞതിൽ അല്പം സത്യമുണ്ടെന്നും പി.സി. ജോർജ് ചൂണ്ടിക്കാട്ടി.
എന്നാൽ നിറത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്റെ കഴിവുകളെ വിലയിരുത്തുന്നത് ശുദ്ധ അബദ്ധമാണെന്നും ഡാൻസ് സ്ത്രീകളുടെ മാത്രം കുത്തകയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വലിയ അബദ്ധമാണെന്നും പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാനൊരു സാഹിത്യകാരൻ അല്ല ഒരു പാവമാണ്. ഡാൻസും അറിയത്തില്ല വേറൊന്നും അറിയത്തില്ല, ഞാനൊരു പാവമാണ്. ഡാൻസ് എന്താണെന്ന് പോലും അറിയത്തില്ല. എനിക്ക് ആ സ്ത്രീയോട് വൈരാഗ്യം തോന്നിയില്ല. അവർ പറഞ്ഞതിനകത്ത് അല്പം സത്യമുണ്ട്.
എന്നാൽ നിറത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്റെ കഴിവുകളെ വിലയിരുത്തുന്നത് ശുദ്ധ അബദ്ധമാണെന്നാണ് എന്റെ അഭിപ്രായം. ഡാൻസ് എന്ന് പറയുന്നത് സ്ത്രീകളുടെ മാത്രം കുത്തകയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ വലിയ അബദ്ധമാണ്,’ എന്ന് പി.സി. ജോർജ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാമകൃഷ്ണന്റെ നിറത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണമെന്നുമാണ് സത്യഭാമ പറഞ്ഞിരുന്നത്. ‘മോഹിനിയാട്ടം കളിക്കുന്ന ആളുകള്‍ എപ്പോഴും മോഹിനി ആയിരിക്കണം. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണം. ഇവനെ കണ്ട് കഴിഞ്ഞാല്‍ ദൈവം പോലും സഹിക്കില്ല’, എന്നായിരുന്നു സത്യഭാമയുടെ വിവാദ പരാമര്‍ശം.
Content Highlight: PC george about sathyabama’s statement