കൊച്ചി: സരിതാ നായരുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ വിശദീകരണവുമായി മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്. ദേശാഭിമാനിയില്‍ വന്ന വാര്‍ത്തക്കെതിരെയായിരുന്നു പി.സി.ജോര്‍ജ് രംഗത്തെത്തിയത്.
പി.സി ജോര്‍ജും സരിതയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് എന്ന് പറഞ്ഞ് ദേശാഭിമാനി വാര്‍ത്ത നല്‍കിയെന്നും അത് വലിയ ആനക്കാര്യമാണോയെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ ചോദ്യം.
നുണ പറഞ്ഞില്ലെങ്കില്‍ ഉറക്കം വരാത്ത പത്രമാണ് ദേശാഭിമാനിയെന്നും ഗൂഢാലോചന പുറത്തുവന്നു എന്നാണ് അവര്‍ പറയുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘പി.സി ജോര്‍ജും സരിതയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് എന്ന് പറയുന്നു. വലിയ ആനക്കാര്യമാണോ? സരിതയുമായി ഞാന്‍ എത്ര കൊല്ലമായി സംസാരിക്കുന്നതാണ്. ഞാന്‍ എന്റെ കൊച്ചുമകളെപ്പോലെ ചക്കരക്കൊച്ചേ, ചക്കരപ്പെണ്ണേ എന്നാണ് വിളിക്കാറ്. എന്താ കാര്യം എന്റെ മകന്റെ മകളെ ഞാന്‍ വിളിക്കുന്നത് ചക്കരക്കൊച്ചേ എന്നാണ്.
നിരപരാധിയായ മാന്യയായ ഒരു പെണ്‍കുട്ടി, വ്യവസായസംരംഭത്തിന് ഇറങ്ങിത്തിരിച്ചിട്ട് ഇവിടുത്തെ രാഷ്ട്രീയത്തിലെ നരാധമന്മാര്‍ നശിപ്പിച്ച ഒരു പാവപ്പെട്ട സ്ത്രീയാണ് അവര്‍. പിണറായിയ്ക്കും വേണേല്‍ ഇനിയവരെ ചാക്കിടാന്‍ പറ്റും. പാവമാണല്ലോ.
ആ പെണ്‍കുട്ടിയും ഞാനുമായിട്ടുള്ള ബന്ധം എന്താണെന്ന് പറയാം. ഈ അടുത്ത കാലത്ത് ഞാന്‍ അവരെ വിളിച്ചത് എന്തിനാണെന്ന് പറയാം. അവരെ നശിപ്പിച്ചവര്‍ക്കെതിരെ അവര്‍ കേസുകൊടുത്തിരിക്കുകയാണ്. സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി തന്നെയാണ് ഓര്‍ഡര്‍ ഇട്ടത്. സി.ബി.ഐ എന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്.
ഈ പെണ്‍കുട്ടി കൊടുത്തമൊഴിയില്‍ പി.സി. ജോര്‍ജിന് അറിയാമെന്ന് മൊഴി കൊടുത്തിട്ടുണ്ട്. ഇന്നലെയും എന്നെ സി.ബി.ഐ വിളിച്ചിരുന്നു. എനിക്ക് സമയം കിട്ടാത്തതുകൊണ്ട് പോയിട്ടില്ല. ഞാന്‍ വരാമെന്ന് പറഞ്ഞിരിക്കുകയാണ്. അതാണ് ആ സ്ത്രീയുമായിട്ടുള്ള ബന്ധം. ഞാന്‍ സമീപിച്ച രാഷ്ട്രീയനേതാക്കളെല്ലാം എന്നെ പിച്ചിച്ചീന്തിയപ്പോള്‍ എന്നോട് മാന്യതയോടെ പെരുമാറിയ ആള്‍ പി.സി. ജോര്‍ജാണെന്ന് അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. മനസിലായില്ലേ, അല്ലാതെ ഈ പല ‘മാന്യന്‍’മാരെപ്പോലുള്ള സ്വഭാവക്കാരനല്ല ഞാന്‍.
പിന്നെ സരിതയുടെ കാര്യം. അവര്‍ എന്നെക്കാണണമെന്ന് ആവശ്യപ്പെട്ട് വന്നതാണ്. ഫെബ്രുവരിയില്‍ തൈക്കാട് ഗസ്റ്റ് ഹൗസിലാണ് വന്ന് കണ്ടത്. അവരുടെ കൈപ്പടയില്‍ അവര്‍ എഴുതിയ കത്താണ് ഇത്. ഗസ്റ്റ് ഹൗസില്‍ ഇരുന്ന് എഴുതിയതാണ്. അവിടുത്തെ മുറിയില്‍ കിട്ടുന്ന കടലാസാണ് ഇത്. നീ എഴുതിത്താ മോളേ എന്ന് പറഞ്ഞിട്ട് അവര്‍ എഴുതിത്തന്നതാണ്.
അത് മുഴുവന്‍ വായിച്ചു. ഇങ്ങനെയൊക്കെ ഒരു സ്ത്രീയോട് ചെയ്യാമോ എന്ന് തോന്നി. പിണറായിയുടെ ചരിത്രമൊക്കെ ഇതിലുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സ്വപ്നയെ വിളിച്ചിട്ട് മുഖ്യമന്ത്രിക്ക് ദുബായ്ക്ക് പോകാനുള്ള സീറ്റ് തരപ്പെടുത്താന്‍ പറഞ്ഞു. ആദ്യമായിട്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇവരെ വിളിച്ച് ഒരു കാര്യം പറയുന്നത്. അവര്‍ എല്ലാം ചെയ്തു. അതു കഴിഞ്ഞപ്പോള്‍ വീണ്ടും ശിവശങ്കര്‍ വിളിച്ചു. മുഖ്യമന്ത്രി പോയെന്നും ഒരു ബാഗേജ് കൊണ്ടുപോകാന്‍ പറ്റിയില്ലെന്നും പറഞ്ഞു. അത് എത്തിച്ചുകൊടുക്കണമെന്ന് പറഞ്ഞു.
അതിന് ശേഷം ഇവര്‍ കോണ്‍സുലേറ്റിലെ ഒരാളെ ബാഗേജുമായി അയച്ചു. ബാഗേജ് വന്നപ്പോള്‍ ഇത് സ്‌കാന്‍ചെയ്തു. സ്‌കാന്‍ ചെയ്തപ്പോള്‍ ഇതില്‍ നോട്ടുകെട്ടാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നുവിട്ട ബാഗിലാണ് ഇത്. അത് അയച്ചു. അതിന് ശേഷം മുഖ്യമന്ത്രി മടങ്ങി വന്നു. മുഖ്യമന്ത്രി പോയിടത്തുനിന്ന് വേറെ ഒരു ബാഗേജ് വന്നു.
ഇതോടെ കസ്റ്റംസിന് സംശയം തോന്നി. ബാഗേജ് തുറക്കണമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ശിവശങ്കര്‍ വിളിച്ച് ബാഗേജ് കൊടുത്തയക്കാന്‍ പറഞ്ഞു. കസ്റ്റംസ് സമ്മതിച്ചില്ല. തുറന്നപ്പോള്‍ 30 കിലോ സ്വര്‍ണം കിട്ടി. കേസായി ആ കേസില്‍ പ്രതിയാകേണ്ടത് ശിവശങ്കര്‍ മാത്രമാണോ?
ശിവശങ്കറും സ്വപ്‌നയും സരിത്തും പ്രതിയായി. ഒന്നാം പ്രതി മുഖ്യമന്ത്രിയല്ലേ. പുള്ളി പറഞ്ഞിട്ടാണ് കൊടുത്തുവിട്ടത്. അതിന് പകരം അന്വേഷണം സി.ബി.ഐക്ക് പോകുമെന്ന് മനസിലായപ്പോള്‍ മുഖ്യമന്ത്രി എന്‍.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
തീവ്രവാദക്കേസുകളാണ് അവര്‍ സാധാരണ അന്വേഷിക്കുക. എന്‍.ഐ.എ വന്നപ്പോള്‍ ശിവശങ്കര്‍ മൂന്നാംമാസം ജാമ്യത്തില്‍ ഇറങ്ങി. സ്വപ്‌നയും സരിത്തും 16 മാസം കിടന്നു. എന്തിനാണ് ഇവരെ പിടിച്ചിട്ടത്. പഴയതാകുമ്പോള്‍ എളുപ്പമുണ്ടല്ലോ. പഴയതാക്കുക എന്നതായിരുന്നു ഉദ്ദേശം. മുഖ്യമന്ത്രിയുടെ ബുദ്ധി അപാരമാണ് ഇപ്പോള്‍ ആ വിഷയത്തില്‍ പുതിയ ഓരോ കാര്യങ്ങള്‍ പുറത്തുവരികയാണ്,” പി.സി. ജോര്‍ജ് പറഞ്ഞു.
Content Highlight: PC George about saritha s nair and audio clip controversy