പൂഞ്ഞാര്‍: ശബരിമലയില്‍ സ്ത്രീകള്‍ കയറിയതോടെ നാടു നശിച്ചെന്നും രണ്ട് വെള്ളപ്പൊക്കവും വരള്‍ച്ചയും നിപ്പയും കൊറോണയും എല്ലാം ഇത് കാരണമാണ് വന്നതെന്നും ഇതില്‍പ്പരം ഗതികേട് വരാനില്ലെന്നും പി.സി ജോര്‍ജ്ജ്.
പിണറായി വിജയന്‍ ശബരിമലയില്‍ കയറി തമാശകളിക്കാതിരുന്നില്ലെങ്കില്‍ സുഖമായി തുടര്‍ഭരണം ലഭിച്ചേനെയെന്നും പിണറായിയുടെ വിവരക്കേടോ ഉപദേശകരുടെ വിവരക്കേടോ അദ്ദേഹത്തെ ഈ വെട്ടില്‍ കൊണ്ടിട്ടെന്നും അതിന്റെ ഫലമാണ് അനുഭവിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘ശബരിമല പ്രശ്‌നത്തിന് ശേഷം കേരളത്തിന്റെ ഗതിയെന്താണ്? നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കരുത്. രണ്ട് വെള്ളപ്പൊക്കം, രണ്ട് വരള്‍ച്ച, നിപ്പ, കൊറോണ, കൊറോണയുടെ രണ്ടാം ഘട്ടം. ഇതില്‍പ്പരം ഗതികേട് വരാനുണ്ടോ, ഇങ്ങേരുടെ ഒടുക്കത്തെ പെണ്ണുങ്ങളെ കയറ്റിക്കൊണ്ടുപോയതാണ്.
നാട് നശിച്ചില്ലേ, സത്യമാണ് ഇത്. ദൈവം അത് ശക്തിയാണ്. ആ ശക്തിയെ, ആചാരങ്ങളെ അത് ഹൈന്ദവമോ ഇസ്‌ലാമോ ക്രിസ്ത്യാനിയോ ഏതുമായിക്കോട്ടെ. ദൈവം വിശ്വാസമാണ്. അതില്‍ കയറി കളിക്കാന്‍ നമുക്ക് പറ്റില്ല. രാഷ്ട്രീയക്കാര്‍ ദൈവത്തിന്റെ കാര്യത്തില്‍ ഇടപെടാന്‍ പോകുന്നത് എന്തിനാണ്. ദൈവം ദൈവത്തിന്റെ വഴിക്ക് പോകട്ടെ, നമ്മള്‍ എന്തിനാണ് വഴക്കുണ്ടാക്കാന്‍ പോകുന്നത്. അതാണ് സത്യം. ഒന്ന് ആലോചിച്ച് നോക്കിയേ എന്തൊരു ഗതിയാണ് ഇപ്പോള്‍,’ പി.സി ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാറില്‍ താന്‍ ജയിക്കുമെന്നും ഭൂരിപക്ഷം എത്ര എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാല്‍ പോരേയെന്നും പി.സി ജോര്‍ജ് ചോദിച്ചു.
ബൂത്തുകളില്‍ നിന്ന് കണക്ക് വരാനുണ്ട്. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
എസ്ഡിപിഐ എതിര്‍ത്തത് ഗുണം ആയി. ക്രിസ്ത്യന്‍ ഹിന്ദു വിഭാഗങ്ങള്‍ തനിക്ക് അനുകൂലമായി വലിയ പിന്തുണ നല്‍കി. ബി.ജെ.പി വോട്ടുകള്‍ തനിക്ക് കിട്ടി. ബി.ജെ.പിക്കാര്‍ക്ക് ഒരു ചായ പോലും വാങ്ങിക്കൊടുത്തില്ല. എല്ലാവരോടും വോട്ട് ചോദിച്ചതുപോലെ അവരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു. അല്ലാതെ വോട്ട് കച്ചടവടമൊന്നുമല്ല. മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചു. പൂഞ്ഞാറില്‍ രണ്ടാമത് ആര് എത്തുമെന്ന് പറയാന്‍ ആകില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക