തിരുവനന്തപുരം: നാടിനു ഗുണമുള്ള സാധാരണക്കാരന് പ്രയോജനം ലഭിക്കുന്ന ആള്‍ തന്നെയായിരിക്കണം കേരളത്തിന്റെ മുഖ്യമന്ത്രിയായി വരേണ്ടതെന്ന് കേരള ജനപക്ഷം സെക്യുലര്‍ സ്ഥനാര്‍ത്ഥി പി.സി ജോര്‍ജ്ജ്.
തൂക്കു നിയമസഭ വന്നാല്‍ മുന്നണി നോക്കാതെ മാന്യനായ ആളെ ഏതു മുന്നണി മുഖ്യമന്ത്രിയാക്കുന്നോ അവരെ പിന്തുണയ്ക്കുമെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പി.സി ജോര്‍ജ്ജ് പറഞ്ഞു.
2016ല്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ചു വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്. ഇത്തരത്തില്‍ വിജയിച്ചാല്‍ മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.
ഇങ്ങനെ മാറിയാല്‍ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യനാക്കപ്പെടാം. ഇത്തവണ മത്സരിക്കുന്നത് കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ്.
കഴിഞ്ഞ നിയമസഭയിലെ എം.എല്‍.എമാരുടെ കാലാവധി അവസാനിക്കാന്‍ ഇനിയും ഒരു മാസം ബാക്കിയുണ്ട്. തെരഞ്ഞെടുപ്പ് കേസ് ഉണ്ടാകാതിരിക്കാനാണ് സ്ഥാനം രാജിവെച്ചത്, പി.സി ജോര്‍ജ്ജ് പറഞ്ഞു.
എന്‍.ഡി.എയില്‍ ചേര്‍ന്നതു കൊണ്ടല്ലേ മറ്റു മുന്നണികള്‍ പ്രവേശനം നല്‍കാതിരുന്നതെന്നും എന്‍.ഡി.എയില്‍ ചേര്‍ന്നത് അബദ്ധമായെന്നു തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ എന്‍.ഡി.എയില്‍ ചേര്‍ന്നിട്ടില്ലെന്നായിരുന്നു ജോര്‍ജ്ജിന്റെ മറുപടി.
ആചാര ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്റെ നിലപാടും എന്‍.ഡി.എയുടെ നിലപാടും ഒന്നു തന്നെയായിരുന്നു. നിയമസഭയില്‍ എന്‍.ഡി.എ അംഗത്തിനു സംസാരിക്കാന്‍ ലഭിക്കുന്ന അവസരംകൂടി തനിക്കു നല്‍കിയിരുന്നു. അതല്ലാതെ എന്‍.ഡി.എ മുന്നണിയില്‍ ചേര്‍ന്നിട്ടില്ലെന്നായിരുന്നു ജോര്‍ജ്ജിന്റെ മറുപടി.
ഭീകര പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പൂഞ്ഞാറില്‍ തന്നെ എതിര്‍ക്കുന്നത്. ഒരു പ്രദേശത്തെ മുഴുവന്‍ ജനത്തെയും മോശമായി ചിത്രീകരിക്കുന്നത് ഇവരുടെ പ്രവര്‍ത്തന ശൈലിയാണ്. 20 ശതമാനത്തില്‍ താഴെ മാത്രമുള്ള വിഭാഗമാണ് അത്. അവര്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ വായ അടപ്പിക്കുകയാണ് ലക്ഷ്യമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക